ഷാർജ : ഈദ് അവധി ദിനങ്ങൾ ആസ്വാദ്യകരമാക്കാൻ തുറന്ന വേദികളിലും സിനിമകൾ പ്രദർശിപ്പിക്കും. ഷാർജ മുവൈലിഹലാണ് ദിവസവും തുറന്നവേദികളിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നത്. സ്വന്തം വാഹനങ്ങളിലിരുന്ന് സിനിമകാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് വാഹനങ്ങൾ തമ്മിലുള്ള അകലവും നിശ്ചയിച്ചിട്ടുണ്ട്.

സിനിമകളിലെ സംഭാഷണങ്ങളും ശബ്ദങ്ങളും വാഹനങ്ങളിലെ റേഡിയോയിലൂടെ പ്രത്യേക ഫ്രീക്വൻസിയിലൂടെ കേൾക്കാവുന്നതുമാണ്. മലയാളികളടക്കം കുടുംബങ്ങൾ താമസിക്കുന്ന ആഡംബര വില്ലകൾ ഇവിടങ്ങളിൽ ധാരാളമുണ്ട്. അത്തരം കുടുംബങ്ങളുടെകൂടി അവധിയാഘോഷവും വിനോദവും പരിഗണിച്ചാണ് മുവൈലിഹയിലെ തുറന്ന വേദിയിലും സിനിമ പ്രദർശിപ്പിക്കുന്നത്.

വിവിധതരം ഭക്ഷണങ്ങളും സിനിമ കാണുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളിലിരുന്നും ഭക്ഷണം കഴിക്കാം. ആവശ്യപ്പെടുന്നതിനനുസരിച്ച് വാഹനങ്ങളിൽ ഭക്ഷണമെത്തിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ വാഹനങ്ങളിലല്ലാതെ പുറത്ത് പ്രത്യേകമൊരുക്കിയ ഇരിപ്പിടങ്ങളിലിരുന്നും സിനിമ കാണാവുന്നതാണ്. പ്രവേശനത്തിന് ടിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഏറെക്കാലമായി പുറത്തുപോയി സിനിമകാണാൻ സാധിക്കാത്തവർക്ക് തുറന്നവേദികളിലെ വലിയ സ്ക്രീനിൽ സിനിമ ആസ്വദിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് അധികൃതർ.