രാമകഥ കേട്ടാണ് നാം വളർന്നത്. രാമനും ലക്ഷ്മണനും സീതയും നാടുകടത്തപ്പെട്ടപ്പോൾ രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്നു. തന്റെ പ്രിയതമയെത്തേടി രാമൻ നീണ്ട സാഹസികയാത്ര ആരംഭിക്കുന്നു. അദ്ദേഹം രാവണനുമായി അതിഭയങ്കരമായ യുദ്ധം ചെയ്ത്‌ വിജയിയായിത്തീരുന്നു.

‘രാ’ എന്നാൽ പ്രകാശം. ‘മാ’ എന്നാൽ എന്റെ ഉള്ളിൽ. ‘രാം’ എന്റെ ഉള്ളിലെ വെളിച്ചമാണ്. ‘ദശരഥൻ’ എന്നാൽ, പത്തുരഥമുള്ള ആൾ. പത്തുരഥങ്ങൾ, അഞ്ചിന്ദ്രിയങ്ങളെയും പ്രവർത്തനത്തിന്റെ അഞ്ച്‌ അവയവങ്ങളുടെയും പ്രതീകമാണ്. ‘കൗസല്യ’ നൈപുണ്യത്തെ സൂചിപ്പിക്കുന്നു. എല്ലാവരുടെയും ഭാഗമായിരിക്കുക എന്നാണ് ‘സുമിത്ര’യുടെ അർഥം. ‘കൈകേയി’ എന്നാൽ, എല്ലാവർക്കും ദാനം നൽകുന്നവൾ എന്നർഥം.

രാവണൻ അഹംഭാവത്തിന്റെ പ്രതീകമാണ്. അഹംഭാവത്തിന് പത്തുമുഖമുണ്ട് (മുഖം വശങ്ങളെയോ കാരണങ്ങളോ പ്രതിനിധീകരിക്കുന്നു). അഹംഭാവിയായ ഒരാൾ താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനോ വേറിട്ടവനോ ആണെന്ന് കണക്കാക്കുന്നു. ഇത് നിർവികാരതയ്ക്കും കാഠിന്യത്തിനും കാരണമാകും. ഒരു വ്യക്തിക്ക് തന്റെ സംവേദനക്ഷമത നഷ്ടപ്പെടുമ്പോൾ, സമൂഹം മുഴുവൻ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരും. എന്നാൽ, ആത്മജ്ഞാനത്തിന്റെ പ്രതീകമാണ് ശ്രീരാമൻ; അവൻ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ആത്മജ്ഞാനം (ശ്രീരാമൻ) ഒരു വ്യക്തിക്കുള്ളിൽ ഉദിക്കുമ്പോൾ അതിനുള്ളിലെ രാവണൻ (എല്ലാ നിഷേധാത്മകതയും അഹംഭാവവും) പൂർണമായും നശിപ്പിക്കപ്പെടുന്നു.

ആത്മബോധത്തിലൂടെമാത്രമേ രാവണനെന്ന അഹംഭാവത്തെ നശിപ്പിക്കാനും മറികടക്കാനും കഴിയൂ. മനസ്സിന്റെ എല്ലാതരം നിഷേധാത്മകതകളെയും ജയിക്കാൻ ആത്മജ്ഞാനത്തിലൂടെമാത്രമേ കഴിയൂ എന്നാണ് ഇതിനർഥം.

എങ്ങനെ ആത്മജ്ഞാനം നമുക്ക് നേടാൻ കഴിയും?

ആത്മജ്ഞാനത്തിന്‌ തിരികൊളുത്താൻ വിശ്രമത്തിനുമാത്രമേ കഴിയൂ-അതായത് ആഴത്തിലുള്ള വിശ്രമത്തിനും ശാന്തമായ മനസ്സിനും.