ഷാർജ : ചില ചിത്രങ്ങൾക്ക് ജീവനുണ്ടെന്ന് തോന്നും. ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് പ്രതലമാകുന്ന ഇടങ്ങളും വേറിട്ടതാകുമ്പോൾ വരയുടെ വർണലോകം വിസ്മയമാകും. അത്തരത്തിൽ വേറിട്ട കാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുകയാണ് ഷാർജയിലെ വടകര ചെറുവണ്ണൂർ സ്വദേശി മിനി മണികണ്ഠൻ.

വിനോദമോ നേരമ്പോക്കോ ആയി തുടങ്ങിയ വരയോട് മിനിക്ക്‌ മനസ്സടുപ്പം തോന്നുകയായിരുന്നു. പിന്നീട് വര ഗൗരവമുള്ളതായി. കടലാസിലുള്ള വരയുടെ പതിവുരീതിയിൽനിന്ന് തീർത്തും വേറിട്ടതാകണം എന്നുകരുതിയാണ് അക്രലിക്‌ ചായമുപയോഗിച്ച് വ്യത്യസ്ത പ്രതലങ്ങളിൽ ചിത്രം വര തുടങ്ങിയത്. ഏറെ സാഹസമുള്ള വരയാണെങ്കിലും അതിലാണ് കൂടുതൽ സൗന്ദര്യം തുടിക്കുന്നതെന്ന് സ്വയം ബോധ്യപ്പെട്ടപ്പോൾ വരയുടെ അസാധാരണ പ്രതലങ്ങളുടെ അന്വേഷണമായി. അങ്ങനെയാണ് ഒഴിഞ്ഞ കുപ്പി, മിനുസമാർന്ന കല്ല്, സിഡി എന്നിവയെല്ലാം മിനി ചിത്രംവരയുടെ പ്രതലങ്ങളായി തിരഞ്ഞെടുത്തത്.

മണിക്കൂറുകൾ സമയമെടുത്താണ് മിനി പല ചിത്രങ്ങളും പൂർത്തിയാക്കിയത്. ആദ്യം പെൻസിൽ ഉപയോഗിച്ച് കുത്തുകളിട്ട് അതിലാണ് പലവിധ ചിത്രങ്ങൾ വരയ്ക്കുന്നത്. തെയ്യങ്ങളുടെ മുഖമെഴുത്തും പ്രകൃതിയും പൂക്കളും പരിസ്ഥിതിയുടെ പച്ചപ്പുമെല്ലാം മിനി വരച്ചിട്ടുണ്ട്. അവർ ഈ വേറിട്ട ചിത്രങ്ങൾക്ക് മണ്ടേല ആർട്ട് എന്നാണ് പേരിട്ടിരിക്കുന്നത്.

വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മണികണ്ഠൻ മേലത്തിന്റെ ഭാര്യയാണ് മിനി. ഭർത്താവിനെ ബിസിനസിൽ സഹായിക്കുക മാത്രമല്ല ഷാർജയിലെ വീടിനുമുന്നിൽ പച്ചക്കറി നട്ടുവളർത്തുകയും ഇവരുടെ വിനോദമാണ്.

23 വർഷമായി ഷാർജയിലാണ് താമസം. മക്കൾ- മാളവിക, മാധവ് (യു.കെ.യിൽ ബിസിനസ് മാനേജ്‌മെന്റ് വിദ്യാർഥി). മരുമകൻ ഹരികൃഷ്ണൻ.