ദുബായ് : ഡിജിറ്റൽ ഇടപാടുരീതി സജീവമാകുന്നതോടൊപ്പം തന്നെ ഈ രംഗങ്ങളിലെ തട്ടിപ്പുകളും വർധിക്കുന്നതായി പഠനം. ഓൺലൈൻ ഇടപാടുകൾ നടത്തുന്ന പത്തിൽ ഒരാൾ തട്ടിപ്പുശ്രമങ്ങൾക്ക് വിധേയമാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വിസ മിഡിൽ ഈസ്റ്റ്, ദുബായ് പോലീസ്, ദുബായ് സാമ്പത്തികവകുപ്പ് എന്നിവ ചേർന്നാണ് ഇതേക്കുറിച്ചുള്ള കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുന്നത്.

കറൻസി ഇടപാടുകളുടെ തോതിൽ കാര്യമായ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ഇടപാടുകളുടെ തോത് ഉയർന്നെങ്കിലും ‘കാഷ് ഓൺ ഡെലിവറി’ രീതിയിൽ 75 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. കറൻസി രഹിത ഇടപാടുരീതികളുടെ ഉപയോഗം 98 ശതമാനമായി ഇക്കാലയളവിൽ ഉയർന്നു. 65 ശതമാനം ആളുകളും ഡിജിറ്റൽ ഇടപാടുകളിലും കറൻസിരഹിത ഇടപാടുകളിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു. 60 ശതമാനം പേർ ഈ രീതികൾ വിശ്വാസയോഗ്യമായതിനാലാണ് ഇഷ്ടപ്പെടുന്നതെന്നും 59 ശതമാനംപേർ ഇടപാടുകളുടെ വേഗം കൊണ്ടാണെന്നും 46 ശതമാനംപേർ നിയന്ത്രിക്കാൻ എളുപ്പമായതിനാലാണെന്നും 56 ശതമാനംപേർ മറ്റുള്ളവരുടെ സ്പർശം ഒഴിവാക്കാൻ കഴിയുന്നതിനാലാണെന്നും 48 ശതമാനംപേർ ഇത് നൂതന രീതിയായതിനാലാണെന്നും അഭിപ്രായപ്പെട്ടു.

ബയോമെട്രിക് സാങ്കതികതയിൽ പ്രവർത്തിക്കുന്ന മൊബൈൽവാലറ്റ് രീതികളും 67 ശതമാനം പേരുടെ ഇഷ്ട ഇടപാടുസങ്കേതമായി. സാങ്കേതികതയിൽ കാര്യമായ പരിജ്ഞാനമുള്ളവർക്കും ഡിജിറ്റൽ ഇടപാടുകളിൽ പലതരം സംശയങ്ങൾ നിലനിൽക്കുന്നതായി പഠനം വ്യക്തമാക്കുന്നു. സാങ്കേതികതയെക്കുറിച്ച് കാര്യമായ ഗ്രാഹ്യമില്ലാത്ത 47 ശതമാനം ആളുകൾ കാർഡുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ എന്താവുമെന്ന് ഭയപ്പെടുന്നു. ഇതെല്ലാം ഡിജിറ്റൽ ഇടപാടുരീതികളെക്കുറിച്ച്‌ ആഴത്തിലുള്ള അറിവിന്റെ ആവശ്യകത വർധിപ്പിക്കുന്നതായും പഠനം വിശദമാക്കുന്നു.

39 ശതമാനം ആളുകൾ ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുശ്രമങ്ങൾക്ക് വിധേയമാവുന്നതായി പഠനം വിശദമാക്കി. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താൻ സർക്കാർ സ്വകാര്യസംവിധാനങ്ങൾക്ക് ഒരുപോലെ ഉത്തരവാദിത്വമുള്ളതായി ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സലിം അൽ ജലാഫ് പറഞ്ഞു.