ഷാർജ : കുഞ്ഞുമനസ്സുകളിൽ ഉല്ലാസം പകർന്ന് വേനൽക്യാമ്പുകളിൽ കുട്ടികളെത്തുന്നു. കോവിഡ് ഭീതിയും ആശങ്കയും കാരണം രണ്ടുവർഷത്തോളം കളിയുംചിരിയും വീടുകളിലൊതുക്കിയ കുട്ടികൾ വലിയ സന്തോഷത്തോടെയാണ് ക്യാമ്പുകളിലെത്തുന്നത്. ഷാർജയിലെ വിവിധ വേനൽക്യാമ്പുകളിൽ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കുട്ടികൾ സജീവമാകുന്നുണ്ട്. രക്ഷിതാക്കളും കുട്ടികളുടെ ക്യാമ്പുകളിലെ വിനോദവും വിജ്ഞാനവും അനുഭവിച്ചറിയുന്നു.

വേനലവധിക്ക്‌ നാട്ടിൽപോകാൻ സാധിക്കാതെ വീടുകളിൽ തന്നെ കഴിയേണ്ടിവരുന്ന കുട്ടികളെ ലക്ഷ്യമാക്കിയാണ് ആകർഷകമായി വേനൽക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്. ഭൂരിഭാഗം ക്യാമ്പുകളിലും കുട്ടികളുമായി രക്ഷിതാക്കൾ കൂട്ടമായെത്തുന്നെങ്കിലും കോവിഡ് നിബന്ധനകളിൽ നിയന്ത്രണം പാലിച്ചാണ് പ്രവേശനം നൽകുന്നത്.

മുഖാവരണം ധരിച്ചും കൃത്യമായ സാമൂഹിക അകലം പാലിച്ചും കുട്ടികളും ക്യാമ്പുകളിൽ മുൻകരുതലുകളെടുക്കുന്നു. കളിയും സംഗീതവും നീന്തലും വിജ്ഞാനക്ലാസുകളും കരാട്ടെയുമെല്ലാം വേനൽക്യാമ്പുകളിൽ കുട്ടികൾക്കായുണ്ട്. രാവിലെ മുതൽ ഉച്ചവരെയാണ് മിക്ക ക്യാമ്പുകളും പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് അവസാനം വിദ്യാലയങ്ങൾ തുറക്കുംവരെ ക്യാമ്പുകളും ഉണ്ടായിരിക്കും.

വലിയ പരിശീലനം നേടിയവരാണ് കുട്ടികൾക്ക് ക്യാമ്പുകളിൽ ക്ലാസെടുക്കുന്നതും വിവിധ വിനോദങ്ങളിൽ പങ്കെടുപ്പിക്കുന്നതും വേനൽക്യാമ്പുകളിൽ പങ്കെടുക്കുന്നതും. വീടിന്റെ നാലുചുമരുകൾക്കുള്ളിൽനിന്ന് പുറത്തുകടക്കാൻസാധിച്ച സന്തോഷം കുട്ടികളിലും കാണാം.