അബുദാബി : ദേശീയ അണുനശീകരണ യജ്ഞം വീണ്ടും ആരംഭിക്കാനൊരുങ്ങി അബുദാബി. ജൂലായ് 19 മുതൽ രാത്രികാലങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തികൊണ്ടാണ് അണുനശീകരണ യജ്ഞം നടത്തുക. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ദിവസവും രാത്രി 12 മുതൽ പിറ്റേന്ന് പുലർച്ചെ അഞ്ചുവരെയാണ് അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടപ്പാക്കുന്നത്. ഈ സമയമായിരിക്കും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവ അനുവദിക്കില്ല. കർഫ്യൂ കാലയളവിൽ പൊതുജനങ്ങൾ വീടുകളിൽ കഴിയണമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ അടിയന്തര സാഹചര്യങ്ങൾ, അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവയ്ക്കായുള്ള യാത്രകൾക്ക് ഇളവുണ്ട്. ഇതിനായി അബുദാബി പോലീസിൽനിന്നുള്ള മൂവ്‌മെന്റ് പെർമിറ്റ് നിർബന്ധമായും വാങ്ങിയിരിക്കണം. സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നടപടിയോട് പൂർണമായും സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പെർമിറ്റ് ലഭിക്കാൻ: www.adpolice.gov.ae.