ദുബായ് : യു.എ.ഇ.യിൽ ജനിതകമാറ്റം സംഭവിച്ച പലവിധത്തിലുള്ള കൊറോണ വൈറസുകൾ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. സാർസ് കോവിഡ് രണ്ടിൽ ജനിതകമാറ്റം സാധാരണമാണ്. എന്നാൽ, ഇതിനുള്ള പ്രതിരോധനടപടികളും ചികിത്സയും സമാനം.
എല്ലാവിധ വകഭേദങ്ങൾക്കും സിനോഫാം വാക്സിൻ ഫലപ്രദമാണെന്ന് നാഷണൽ കോവിഡ്-19 ക്ലിനിക്കൽ മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സൻ ഡോ. നവാൽ അൽ കഅബി പറഞ്ഞു. ചൈനയുടെ സിനോഫാം വാക്സിൻ ഒമ്പതുമാസം മുതൽ ഒരുവർഷംവരെ വൈറസിനെ പ്രതിരോധിക്കും.
അതിനിടെ യു.എ.ഇ.യിൽ കോവിഡ് വ്യാപനം പ്രതിദിനം കൂടുകയാണ്. ശനിയാഴ്ച 3432 കോവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 2,49,808 ആയി. ഇവരിൽ 2,22,106 പേരും രോഗമുക്തി നേടിയിട്ടുണ്ട്. 3118 പേരാണ് ശനിയാഴ്ച രോഗമുക്തരായത്. ഏഴുപേർകൂടി മരിച്ചു. ആകെ മരണം 740. നിലവിൽ 26,962 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് പുതുതായി 1,51,096 കോവിഡ് പരിശോധനകൾകൂടി നടത്തി.