ദുബായ് : ലോക എക്‌സ്‌പോ 2020 പവിലിയൻ ജനുവരി 22-ന് വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി തുറക്കും. യു.എ.ഇ. നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏപ്രിൽ 10 വരെ എക്‌സ്‌പോ 2020 ദുബായുടെ ടെറാ (ദി സസ്‌റ്റൈനബിലിറ്റി പവിലിയൻ) സന്ദർശിക്കാമെന്ന് അധികൃതർ അറിയിച്ചു.
എക്‌സ്‌പോ 2020 പവിലിയൻസ് പ്രീമിയർ ശനിയാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. മൊബിലിറ്റി പവിലിയനായ അലിഫ് ഈ വർഷം ആദ്യപാദത്തിൽ തന്നെ പൊതുജനങ്ങൾക്കായി തുറക്കും. പവിലിയൻസ് പ്രീമിയർ ബുക്കിങ് ജനുവരി 16 മുതൽ തുടങ്ങി.
ലോകാദ്ഭുതങ്ങളൊരുക്കി ‘ടെറ’
പ്രകൃതിയൊരുക്കിയ ലോകാദ്ഭുത കാഴ്ചകളാണ് പ്ലാനറ്റ്, എർത്ത് എന്നീ അർഥങ്ങളുള്ള ‘ടെറ’ സമ്മാനിക്കുക. പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന തീമാറ്റിക് പവിലിയനുകളിൽ ഒന്നാണിത്. പ്രശസ്ത ഗ്രിംഷോ ആർക്കിടെക്ടുകളാണ് ടെറയുടെ രൂപകൽപ്പന.
വരുംതലമുറയ്ക്ക് സുസ്ഥിര തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പ്രചോദനം ടെറ നൽകും. അതിനുള്ള ഒരു സയൻസ് സെന്റർ എന്ന നിലയിലാണ് ടെറ പവിലിയൻ ഒരുക്കിയിരിക്കുന്നത്. 130 മീറ്റർ വീതിയുള്ള മേൽക്കൂരയും 1055 ഫോട്ടോവോൾട്ടേയിക് പാനലുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
25,000 ചതുരശ്രയടി വിസ്തീർണമുണ്ട്. വാട്ടർ റിഡക്ഷൻ സ്ട്രാറ്റജീസ്, വാട്ടർ റീസൈക്ലിങ്, ഇതര ജലസ്രോതസ്സുകൾ എന്നിവയും പവിലിയനിൽ പ്രയോജനപ്പെടുത്തുന്നു. കുട്ടികൾക്കുള്ള കളിസ്ഥലം, ഗിഫ്റ്റ് ഷോപ്പ്, ഡൈനിങ് എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി തിരക്ക് ഒഴിവാക്കാനായി ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് എക്‌സ്‌പോ 2020 ദുബായ് ബ്യൂറോ ഡയറക്ടർ ജനറലും യു.എ.ഇ. അന്താരാഷ്ട്ര സഹകരണമന്ത്രിയുമായ റീം അൾ ഹാഷിമി പറഞ്ഞു.
മുഖാവരണം, സാനിറ്റൈസർ, താപനില പരിശോധന, സാമൂഹിക അകലം തുടങ്ങി എല്ലാവിധ കോവിഡ് പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചിരിക്കണം. മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിലെ ആദ്യ ലോക എക്‌സ്‌പോ ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ്.
സന്ദർശന സമയം
പ്രവൃത്തി ദിവസങ്ങളിൽ ചൊവ്വ മുതൽ വ്യാഴം വരെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് സന്ദർശന സമയം. 3000 പേർക്കാണ് പ്രവേശനം. വാരാന്ത്യങ്ങളിൽ (വെള്ളി, ശനി) വൈകീട്ട് നാലിനും 10-നും ഇടയിൽ 5000 പേർക്ക് പ്രവേശിക്കാം. വാക്ക്-ഇൻ-ടിക്കറ്റുകൾ ലഭ്യമല്ല. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ്ങിനായി വെബ്‌സൈറ്റ് സന്ദർശിക്കാം. https://expo2020dubai.com/en/pavilions-premiere.
മഹാമാരിയിലും തളരാതെ
കോവിഡ് മഹാമാരിയിലും തളരാതെയായിരുന്നു ദുബായുടെ മുന്നേറ്റം. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 30 നായിരുന്നു എക്‌സ്‌പോ 2020 ഒരു വർഷത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചത്.
യു.എ.ഇയിലെയും എക്‌സ്‌പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുൾപ്പെടുന്ന എക്‌സ്‌പോ 2020 സ്റ്റിയറിങ് കമ്മിറ്റിയുടെ രണ്ടാം യോഗത്തിലായിരുന്നു ജനങ്ങളുടെ ആരോഗ്യസുരക്ഷ പരിഗണിച്ചുള്ള തീരുമാനം.
എക്‌സ്‌പോ 2020 ദുബായ് വൻവിജയമാക്കാൻ യു.എ.ഇ. നടത്തിയ പ്രയത്‌നങ്ങളെ സ്റ്റിയറിങ് കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തിരുന്നു. 192 ലോകരാജ്യങ്ങളിൽ കലാ സാംസ്‌കാരിക ബിസിനസ് സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന പവിലിയനുകളാണ് വിസ്മയങ്ങളൊരുക്കിയിരിക്കുന്നത്.