ദുബായ് : എട്ട് ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ കേരള ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളെ അഭിനന്ദിക്കുന്നതായി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദുർബല വിഭാഗങ്ങൾക്കായി ക്ഷേമനടപടികൾ പ്രഖ്യാപിച്ചതും ആരോഗ്യമേഖലയിൽ പ്രത്യേക ശ്രദ്ധ നൽകിയതും കൂടാതെ പ്രവാസി മലയാളികൾക്ക് മികച്ച പരിഗണന നൽകിയതും ഏറെ പ്രശംസനീയമാണ്. കോവിഡ് വാക്സിൻ സംസ്ഥാനത്തെ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുന്നതും ആരോഗ്യമേഖലയ്ക്ക് നൽകുന്ന പ്രധാന്യവും മികച്ച നീക്കം തന്നെ. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സഹായകമായ പല നടപടികളും ബജറ്റിലുണ്ട് എന്നത് സ്വാഗതാർഹമാണ്. തികച്ചും വ്യത്യസ്തമായ ലോക കേരള സഭ 2021-ൽ വിളിച്ചുചേർക്കുമെന്ന് അറിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. ആരോഗ്യ ടൂറിസം മേഖലയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയി. ബജറ്റ് അന്തിമ രൂപത്തിലാക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആസാദ് മൂപ്പൻ വ്യക്തമാക്കി.
കൈപിടിച്ചുയർത്തുന്ന ബജറ്റ് -ഷംലാൽ അഹമ്മദ്
ദുബായ് : കോവിഡ് മഹാമാരിയിൽ തകർന്ന കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയെ കൈപിടിച്ചുയർത്തുന്ന ചില പ്രഖ്യാപനങ്ങൾ സംസ്ഥാനബജറ്റിൽ ഉൾക്കൊള്ളിച്ചത് അഭിനന്ദനീയമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മാനേജിങ് ഡയറക്ടർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ഷംലാൽ അഹമ്മദ് പറഞ്ഞു. എന്നാൽ വ്യവസായ മേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. മാത്രമല്ല സംസ്ഥാന ഖജനാവിലേക്ക് വരുമാനം ലഭിക്കുന്നതിനുള്ള വ്യക്തമായ നടപടികളൊന്നുംതന്നെ ബജറ്റിൽ കാണുന്നില്ല. ഇത് വിഭവസമാഹരണം ഇല്ലാതാക്കുകയും സർക്കാരിന്റെ കടം വർധിക്കുന്നതിന് കാരണമാകുകയും ചെയ്യും. നികുതി വെട്ടിപ്പ് തടയുന്നതിന് ഇ-ഗവേണൻസ് സംവിധാനം കൊണ്ടുവരണം. പ്രവാസി മലയാളികളുടെ പുനരധിവാസത്തിനായി കാര്യമായ നടപടികളൊന്നുംതന്നെ ബജറ്റിൽ കാണുന്നില്ല. സ്വർണ- വജ്രാഭരണങ്ങൾ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർധിച്ചു വരികയാണെങ്കിലും കേരളത്തിൽനിന്ന് ആഭരണ കയറ്റുമതി നടക്കുന്നില്ല. സ്വർണാഭരണനിർമാണവും കയറ്റുമതിയും വർധിപ്പിക്കുന്നതിനുള്ള നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.