അബുദാബി : തൊഴിൽ ആവശ്യങ്ങൾക്കുംമറ്റുമായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളോ രേഖകളോ ഉപയോഗിച്ചാൽ പത്തുലക്ഷം ദിർഹംവരെ പിഴ ചുമത്തും. ഇതുമായി ബന്ധപ്പെട്ട പുതിയ കരട് നിയമത്തിന് യു.എ.ഇ. ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. വിദ്യാഭ്യാസമന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമാദിയുടെ സാന്നിധ്യത്തിലാണ് തീരുമാനം കൈകൊണ്ടത്. 30,000 ദിർഹംമുതൽ 10 ലക്ഷം ദിർഹംവരെ പിഴയും മൂന്നുമാസംമുതൽ രണ്ടുവർഷംവരെ തടവുമാണ് ശിക്ഷ. തൊഴിൽ ഉറപ്പാക്കാൻ സമർപ്പിക്കുന്ന വിദ്യാഭ്യാസയോഗ്യതകൾ വിശദമാക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും കൃത്യതയോടെയുള്ളതാവണം. ഏതെങ്കിലും അനധികൃത സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതോ, സ്വീകരിക്കുന്നതോ കുറ്റകൃത്യമാണ്. വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റുകൾ നൽകുന്ന ഏതെങ്കിലും ദേശീയ, അന്തർദേശീയ സ്ഥാപനത്തിന്റെ പരസ്യങ്ങളും ഈ നിയമം വിലക്കുന്നുണ്ട്.
സമീപകാലങ്ങളിൽ വ്യാജസർട്ടിഫിക്കറ്റുകളുടെ ഉപയോഗം വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടതായും അതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കർശനമാക്കുന്നതെന്നും എഫ്.എൻ.സി. അംഗമായ സതാ സായിദ് അൽ നഖ്ബി പറഞ്ഞു. സ്വകാര്യ പൊതു മേഖലകളിൽ ജോലിക്കായി വ്യാജസർട്ടിഫിക്കറ്റുകൾ നൽകിയവരുണ്ട്. 2018-ൽ 143 സർട്ടിഫിക്കറ്റുകൾ ഇത്തരത്തിൽ കണ്ടെത്തി. ഇതെല്ലാം തൊഴിൽരംഗത്തെ അസ്ഥിരപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം ലഭിക്കുന്നതോടെ കരട് നിയമം നിലവിൽവരും.