അബുദാബി : മലയാളംമിഷൻ അബുദാബി മേഖലയുടെ ഓൺലൈൻ പഠനോത്സവം ‘കണിക്കൊന്ന’ നടന്നു. കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം, ബദാസായിദ് ലൈഫ് ലാബ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇന്റർനാഷണൽ കൾച്ചറൽ സെന്റർ, മുസഫ, മദീന സായിദ്, ഇലക്‌ട്ര, ഹംദാൻ, ഖാലിദിയ എന്നീ കേന്ദ്രങ്ങളിൽ പഠിച്ചുവരുന്ന വിദ്യാർഥികൾ പങ്കെടുത്തു. രജിസ്റ്റർചെയ്ത 177 വിദ്യാർഥികളിൽ 176 പേരും ഭാഗമായിരുന്നു. പതിനാറംഗ അധ്യാപകരും ഏഴംഗ ടെക്‌നിക്കൽ കമ്മിറ്റിയും നാലംഗ മൂല്യനിർണയ സമിതിയും സഹകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്.
മലയാളംമിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്, രജിസ്ട്രാർ എം. സേതുമാധവൻ, ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ പങ്കെടുത്തു. മലയാളം മിഷൻ അബുദാബി മേഖലാ കൺവീനർ വി.പി. കൃഷ്ണകുമാർ, കോ-ഓർഡിനേറ്റർമാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാർ, ജോ. കൺവീനർ ജിനി സുജിൽ എന്നിവർ നേതൃത്വം നൽകി. നിലവിൽ മലയാളം മിഷൻ അബുദാബി മേഖലയ്ക്ക് കീഴിൽ 47 സെന്ററുകളിലായി 1600-ലേറെ വിദ്യാർഥികൾ 66 അധ്യാപകരുടെ കീഴിൽ പഠിച്ചുവരുന്നുണ്ട്.