ശതമാനം താമസക്കാർ വാക്‌സിൻ സ്വീകരിച്ചു
ദുബായ് : യു.എ.ഇ.യിൽ 14 പേർകൂടി കോവിഡ് ബാധിച്ച് ചികിത്സയിരിക്കെ മരിച്ചതായി ആരോഗ്യപ്രതിരോധവകുപ്പ്. പുതുതായി 3236 കേസുകൾകൂടി സ്ഥിരീകരിക്കുകയും ചെയ്തു. ആകെ വൈറസ് ബാധിതർ ഇതോടെ 3,55,131-ലെത്തി. പുതുതായി നടത്തിയ 1,93,163 പരിശോധനകളിൽനിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയത്. അതേസമയം 3643 പേർകൂടി പൂർണമായും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം 3,40,365 ആയി.
അതേസമയം യു.എ.ഇ.യിൽ 40 ശതമാനത്തിലേറെപേർ വാക്സിൻ സ്വീകരിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ.സി.ഇ.എം.എ.) അറിയിച്ചു. ഇതിൽത്തന്നെ പ്രായമായവരിൽ 48.6 ശതമാനം പേർക്കും പ്രതിരോധകുത്തിവെപ്പ് നൽകിക്കഴിഞ്ഞു.
ഖത്തറിൽ 446 പേർക്കുകൂടി കോവിഡ്
ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും 446 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 138 പേർ രോഗമുക്തി നേടി. നിലവിൽ 9244 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പോസിറ്റീവായ 1,58,138 പേരിൽ ഇതുവരെ 1,48,638 പേരും സുഖംപ്രാപിച്ചു. ആകെ മരണം 256 ആണ്.
അതേസമയം, സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്ച 371 പേർ സുഖംപ്രാപിച്ചു. 322 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർകൂടി ചികിത്സയിലിരിക്കെ മരണപ്പെട്ടതോടെ ആകെ മരണം 6441-ലെത്തി. 2630 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 480 പേരുടെ നില ഗുരുതരമാണ്. ആകെ വൈറസ് ബാധിച്ച 3,73,368 പേരിൽ 3,64,297 പേരും സുഖംപ്രാപിച്ചു.