ദുബായ് : ഏത് കാലാവസ്ഥയിലും പൂക്കൾകൊണ്ട് നിറഞ്ഞുനിൽക്കുന്ന വേറിട്ട ചിത്രമാണ് ദുബായിയുടേത്. ശൈത്യകാലമാവുമ്പോൾ പൂക്കളുടെ എണ്ണത്തിലും വർധനയുണ്ടാകും. പല നിറങ്ങളിൽ വിവിധതരത്തിലുള്ള പുഷ്പങ്ങളാണ് നഗരഭംഗിക്കായി നിരനിരയായി ഒരുങ്ങുക. എമിറേറ്റിലുടനീളം ദുബായ് മുനിസിപ്പാലിറ്റിയാണ് പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നത്.
റോഡുകളും തെരുവുകളും പ്രകൃതിദത്ത പുഷ്പങ്ങൾകൊണ്ടാണ് അലങ്കാരം. 5.7 കോടി പൂക്കൾകൊണ്ടാണ് ദുബായ് നഗരം അലങ്കരിച്ചിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പൂക്കളാൽ നിറഞ്ഞുനിൽക്കുന്ന ദുബായ് നഗരിയുടെ പ്രത്യേക വീഡിയോ മുനിസിപ്പാലിറ്റി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 2020-ൽ 13 ലക്ഷം ചതുരശ്രമീറ്ററിലാണ് പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നത്.
എമിറേറ്റിലെ പൊതുയിടങ്ങളിൽ പ്രത്യേകിച്ച് റോഡുകളും പൊതുപാർക്കുകളുമുള്ളയിടങ്ങൾ കൂടുതൽ ഹരിതപ്രദേശമാക്കി മാറ്റുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.