ഉമ്മുൽഖുവൈൻ : കോവിഡ് സുരക്ഷാനിയമങ്ങൾ ഉമ്മുൽഖുവൈനിലും കടുപ്പിച്ചു. മാളുകൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ ശേഷി കുറച്ചു. പുതിയ നിയമങ്ങൾ ചൊവ്വാഴ്ചമുതൽ പ്രാബല്യത്തിലായി. മാളുകൾ 60 ശതമാനം ശേഷിയിൽമാത്രമേ പ്രവർത്തിക്കാവൂ. എല്ലാ സംഗീത പരിപാടികളും റദ്ദാക്കി. ഭക്ഷണശാലകളിൽ ഒരു ടേബിളിൽ പരമാവധി നാലാളുകൾമാത്രമേ ഇരിക്കാവൂ. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ഒത്തുചേരലുകളിൽ പത്തിൽ കൂടുതൽ അതിഥികൾ പാടില്ല. ശവസംസ്കാര ചടങ്ങുകളിൽ ഇരുപതിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കരുത്. ബീച്ചുകളിലും പാർക്കുകളിലും ശേഷി 70 ശതമാനമാക്കി. തിയേറ്ററുകളിൽ 50 ശതമാനം ശേഷിയിലാക്കി പ്രവർത്തനം. കൂടാതെ ഫിറ്റ്‌നെസ് സെന്ററുകൾ, ജിമ്മുകൾ എന്നിവിടങ്ങളും 50 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാവൂ. മറ്റെല്ലാ എമിറേറ്റുകളിലും സമാനമായി കർശന കോവിഡ് നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്.
സ്ഥാപനങ്ങൾകൂടി പൂട്ടിച്ചു
ദുബായ് : കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ദുബായിൽ 32 ഭക്ഷ്യസ്ഥാപനങ്ങൾ കൂടി പൂട്ടാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ഈ വർഷം ആദ്യം മുതൽ 472 ഭക്ഷ്യസ്ഥാപനങ്ങൾക്കാണ് അധികൃതർ മുന്നറിയിപ്പ് നോട്ടീസ് നൽകിയത്. മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ നടത്തിയ 5841 പരിശോധനകളിൽനിന്നാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്. അതേസമയം ഇതുവരെ പരിശോധിച്ചതിൽ 5264 സ്ഥാപനങ്ങളും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതായും കണ്ടെത്തി.