ഷാർജ : ഷാർജയിൽ ജല, വൈദ്യുത, പാചകവാതക ബില്ലുകൾ അടയ്ക്കാനുള്ള കാലാവധി നീട്ടിയതായി ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ്‌ വാട്ടർ അതോറിറ്റി (സേവ) അധികൃതർ അറിയിച്ചു. കോവിഡ് കാലമായതിനാൽ ബില്ലടയ്ക്കാൻ പ്രയാസപ്പെടുന്നവർക്ക് ആശ്വാസമാണ് സേവയുടെ നടപടി.

പിഴകൂടാതെ പണമടയ്ക്കാനുള്ള സൗകര്യമാണ് ഉപഭോക്താക്കൾക്ക് അനുവദിച്ചത്. സേവ ബിൽ 1000 ദിർഹത്തിന് താഴെയാണെങ്കിൽ ഒരുമാസവും മുകളിലാണെങ്കിൽ 15 ദിവസവുമാണ് സമയപരിധി നീട്ടിനൽകിയത്. നേരത്തെ ഒരാഴ്ചയായിരുന്നു കാലാവധി നീട്ടിനൽകിയിരുന്നത്. ഉപഭോക്താക്കൾ ബില്ലടയ്ക്കാനുള്ള സാവകാശം നീട്ടി നൽകണമെന്ന് അപേക്ഷിച്ചതിനെത്തുടർന്നാണ് ആശ്വാസനടപടികൾ സ്വീകരിച്ചതെന്ന് സേവ സബ്‌സ്‌ക്രൈബർ സർവീസ് വിഭാഗം ഡയറക്ടർ ഹമദ് താഹിർ അൽ ഹജ്ജ് പറഞ്ഞു. മീറ്റർ റീഡിങ് അടിസ്ഥാനത്തിൽ ഷാർജയിൽ നാല് ഘട്ടങ്ങളിലായാണ് സേവ ബിൽ നൽകുന്നത്. മാസത്തിൽ 7, 14, 21, 28 തീയതികളിലാണ് ബിൽ അയയ്ക്കുന്നത്.