അബുദാബി : റംസാൻമാസം പാലിക്കേണ്ട ആരോഗ്യ, സുരക്ഷാ മര്യാദകളെക്കുറിച്ച് അബുദാബി പോലീസ് സെമിനാർ ആരംഭിച്ചു. പ്രാദേശിക ചാനലുകളിലും പോലീസ് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയുമാണ് സെമിനാർ സംപ്രേക്ഷണം നടത്തുക. 30 എപ്പിസോഡായാണ് ഇത് അവതരിപ്പിക്കുന്നത്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജനങ്ങൾ കൈക്കൊള്ളേണ്ട നടപടികൾ, ആരോഗ്യ സുരക്ഷയുറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പോലീസ് വിശദമാക്കും.

നോമ്പുതുറ സമയങ്ങളിൽ അതിവേഗം ഒഴിവാക്കി സുരക്ഷയുറപ്പാക്കണമെന്ന് പോലീസ് അറിയിച്ചു.

ദിവസം മുഴുവൻ വ്രതമെടുത്തിരിക്കുന്നവർ വൈകുന്നേരമാവുമ്പോഴേക്കും പെട്ടന്ന് വീടുകളിലെത്താൻ ആഗ്രഹിക്കും.

ആ സമയത്തെ യാത്രയുടെ സുരക്ഷയുറപ്പാക്കാൻ തിരക്കില്ലാതെ നേരത്തേ പുറപ്പെടാൻ ശ്രമിക്കണം. നിരത്തുകളിൽ കാൽനടക്കാർക്ക് പരിഗണന നൽകണം.

അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിക്കാൻ തയ്യാറാവണമെന്നും പോലീസ് അറിയിച്ചു. ഇതെല്ലം റംസാൻ ആശയങ്ങൾ ഉൾക്കൊള്ളുന്ന നടപടികളാണെന്നും അബുദാബി പോലീസ് കമാൻഡ് അഫയേഴ്‌സ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു. പോലീസ് സെമിനാറിലൂടെ ഈ ആശയങ്ങൾ എളുപ്പത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.