ഇ.ടി. പ്രകാശ്

ഷാർജ

: ഈ അധ്യയനവർഷം ക്ലാസ്‌മുറിയിൽ തമ്മിൽ കാണാത്ത കുട്ടികളെ ‘ഒന്നിച്ചുനിർത്തി’ ഒരു ഫോട്ടോസെഷൻ ഒരുക്കിയിരിക്കുകയാണ് മലയാളിയായ ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക. വിന്റോസ് 10 പെയിന്റ് ത്രീഡി ഉപയോഗിച്ച് ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗം ഗ്രേഡ് ഒന്നിലെ 35 കുട്ടികളെയാണ് അധ്യാപികയായ പ്രീതി ജെ. നമ്പ്യാർ ഒരേ ഫോട്ടോയിലാക്കിയത്.

യു.എ.ഇ.യിൽ ആദ്യമായാണ് പരസ്പരം നേരിട്ട് കാണാത്ത കുട്ടികളെ ഇത്തരത്തിൽ ഒറ്റ സ്നാപ്പിലൊതുക്കി ഫോട്ടോ വിസ്മയം സൃഷ്ടിച്ചത്. കോവിഡ് കാലമായതിനാൽ കുട്ടികൾക്ക് പരസ്പരം നേരിൽകാണാൻ സാധിക്കാത്ത വിഷമം രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപികയെ അറിയിക്കുകയായിരുന്നു.

വിഷമം മനസ്സിലാക്കിയ പ്രീതി ഷാർജയിലും നാട്ടിലുമുള്ള കുട്ടികളുടെ രക്ഷിതാക്കളെവിളിച്ച് ഓരോരുത്തരുടേയും സ്കൂൾ യൂണിഫോമിലുള്ള ഫുൾ സൈസ് ഫോട്ടോ അയക്കാൻ പറഞ്ഞു. പിന്നീട് ഓരോരുത്തരുടേയും ഫോട്ടോ ഒരുമിപ്പിച്ചാണ് ഒറ്റ ഫ്രെയ്മിലാക്കിയത്. കുട്ടികളുടെ നടുവിൽ ഗ്രേഡ് ഒന്നിലെ ക്ലാസ് ടീച്ചറായ പ്രീതിയേയും ആപ്പ് വഴി സ്വയം സൃഷ്ടിച്ചു.

തുടർന്ന് 35 കുട്ടികൾക്കും അധ്യാപിക തന്നെ ഫോട്ടോ അയച്ചുകൊടുത്തു. ഫോട്ടോകിട്ടിയ കുട്ടികൾ അധ്യാപികയോട് നന്ദിയും സന്തോഷവുമറിയിച്ചു. ഗ്രേഡ് ഒന്നിലെ 20-ഓളം കുട്ടികൾ കോവിഡ് കാരണം നാട്ടിൽനിന്നാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. രക്ഷിതാക്കൾക്ക് ജോലി നഷ്ടപ്പെട്ടും പല കുട്ടികളും നാട്ടിലായിട്ടുണ്ട്. അവരെല്ലാം തങ്ങളുടെ കൂട്ടുകാർക്കൊപ്പം ‘ഫോട്ടോയിൽ നിൽക്കാൻ’ സാധിച്ച സന്തോഷത്തിലാണ്.

കോവിഡ് സൃഷ്ടിച്ച കുട്ടികളുടെഏകാന്തത അവരെ കൂടുതൽ മാനസിക പ്രയാസത്തിലേക്ക് തള്ളിവിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരത്തിൽ വേറിട്ട ഫോട്ടോ ഉണ്ടാക്കിയതെന്ന് പ്രീതി പറഞ്ഞു. കണ്ണൂർ കല്യാശ്ശേരി സ്വദേശിനിയാണ്. നാലുവർഷമായി ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. അൽ ഹബ്ത്തൂർ മോട്ടോർ ജീവനക്കാരനായ വിവേക് ആണ് ഭർത്താവ്, കെ.ജി. വിദ്യാർഥിനി ധ്വനി മകളാണ്. സ്കൂൾ ഉടമസ്ഥരായ ഇന്ത്യൻ അസോസിയേഷനും സഹപ്രവർത്തകരും പ്രീതിയെ അഭിനന്ദിച്ചു.