ഷാർജ : റംസാനെത്തിയതോടെ സുരക്ഷിതവും മനോഹരവുമായ ഇഫ്താർ ആസ്വദിക്കാനുള്ള അവസരങ്ങളാണ് യു.എ.ഇ.യിലെ റെസ്റ്റോറന്റുകളും വിനോദകേന്ദ്രങ്ങളുമൊരുക്കുന്നത്. അക്കൂട്ടത്തിൽ മികച്ച അനുഭവങ്ങളാണ് ഷാർജ മെലീഹയിലെ ‘റമദാൻ സ്റ്റാർ ലോഞ്ചും’ അൽ നൂർ ദ്വീപിലെ 'ബൈ ദി ബേ ഇഫ്താറും’ നൽകുന്നത്. ആകാശത്തിന് കീഴെ നക്ഷത്രങ്ങളെയും കണ്ട് രുചിയേറിയ വിഭവങ്ങൾ ആസ്വദിക്കാനുള്ള വേറിട്ട അനുഭവമാണ് ഇവിടെ അതിഥികളെ കാത്തിരിക്കുന്നത്.

മരുഭൂമിയിലെ കാഴ്ചകൾ ആസ്വദിച്ച് പരമ്പരാഗത മജ്‌ലിസിൽ നോമ്പുതുറക്കാൻ പാകത്തിലാണ് മെലീഹ ആർക്കിയോളജി സെന്ററിലെ റമദാൻ സ്റ്റാർ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. ആഡംബര ടെന്റിൽ ഓരോ കുടുംബത്തിനും പ്രത്യേകം മജ്‌ലിസ് ഇരിപ്പിടങ്ങളുണ്ടാവും. നോമ്പുതുറ നേരത്ത് തുടങ്ങി രാത്രി പന്ത്രണ്ടു വരെ നീണ്ടുനിൽക്കുന്ന ഇഫ്താർ അനുഭവത്തിൽ പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങൾ മൂന്ന് ഘട്ടങ്ങളിലായാണ് വിളമ്പുക.

ക്യാമ്പ് ഫയറും പരമ്പരാഗത പാനീയങ്ങളുമെല്ലാമാസ്വദിച്ച് രാവേറുവോളം കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ കഥ പറഞ്ഞിരിക്കാം. നോമ്പുതുറയ്ക്കെത്തുന്ന അതിഥികൾക്ക് മെലീഹ മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് 175 ദിർഹവും കുട്ടികൾക്ക് 140 ദിർഹവുമാണ് നിരക്ക്.

ഷാർജ നഗരക്കാഴ്ചകൾ ആസ്വദിച്ച് ദ്വീപിന്റെ തീരത്തൊരു ഇഫ്താർ വിരുന്നാണ് അൽനൂർ ദ്വീപ് ഒരുക്കിയിട്ടുള്ളത്. നഗരത്തിന്റെ ബഹളങ്ങളില്ലാതെ തന്നെ നഗരക്കാഴ്ചകൾ ആസ്വദിച്ച് ഖാലിദ് തടാകത്തിന്റെ കാറ്റുംകൊണ്ട് പ്രത്യേകം തയ്യാറാക്കിയ ഇഫ്താർ വിഭവങ്ങൾ രുചിച്ചിരിക്കാം. പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളും വെളിച്ച സംവിധാനവുമെല്ലാം പ്രത്യേക അനുഭൂതി പകരും. നോമ്പുതുറയ്ക്കായെത്തുന്നവർക്ക് അൽ നൂർ ദ്വീപിന്റെ കാഴ്ചകളെല്ലാം ചുറ്റിയടിക്കാനുള്ള അവസരമുണ്ടാവും. കാലാവസ്ഥ അനുകൂലമാണെങ്കിൽ സൗജന്യമായി ടെലസ്കോപ്പിലൂടെ വാനനിരീക്ഷണവും നടത്താം. പരമ്പരാഗത വിഭവങ്ങളാണ് ഇവിടെയൊരുക്കുന്നത്. മുതിർന്നവർക്ക് 125 ദിർഹവും കുട്ടികൾക്ക് 65 ദിർഹവുമാണ് നിരക്ക്.