ദുബായ് : എത്യോപ്യയിലേക്കും സുഡാനിലേക്കും മരുന്നുകളും ഭക്ഷ്യവസ്തുക്കളുമായി യു.എ.ഇ.യുടെ സഹായവിമാനങ്ങൾ പറന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശാനുസരണമാണ് എത്യോപ്യയിലേക്കും സുഡാനിലേക്കും വിമാനങ്ങൾ അയച്ചത്.

മരുന്നുകളും കോളറാ കിറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് എത്യോപ്യയിലേക്ക് കയറ്റി അയച്ചിരിക്കുന്നത്. ബ്ലാക്കറ്റുകളും മെഡിക്കൽ ഉപകരണങ്ങളും കിച്ചൺ സെറ്റുകളും ടാർപ്പോളിനുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് സുഡാനിലേക്ക് കയറ്റിയയച്ചത്.

ദുബായിലെ റോയൽ എയർവിങ്ങിൽ നിന്നാണ് സുഡാനിലേക്കുള്ള വിമാനം പുറപ്പെട്ടത്. അന്താരാഷ്ട്ര മാനവികതയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഗ്യൂസെപ്പെ സാബ ദുബായ് ഭരണാധികാരിയോട് നന്ദിയറിയിച്ചു.

ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്കും യു.എ.ഇ.യുടെ സഹായം തുടരുകയാണ്. ഭക്ഷണവും ചികിത്സാ സഹായവും വഹിച്ചുള്ള യു.എ.ഇ.യുടെ ഏഴാമത് വിമാനം കഴിഞ്ഞയാഴ്ചയാണ് അഫ്ഗാനിലേക്ക് പറന്നത്.

പ്രയാസകരമായ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കുന്നതിനും മരുന്നുകളുടെയും ഭക്ഷണത്തിന്റെയും കുറവ് പരിഹരിക്കുന്നതിനും യു.എ.ഇ.യുടെ നിരന്തരമായ മാനുഷികശ്രമങ്ങളുടെ ഭാഗമായാണ് സഹായം അയയ്ക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാവശ്യമായ വസ്തുക്കൾ എത്തിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏതാണ്ട് 300,000-ത്തിലേറെ പേരാണ് യു.എ.ഇ.യുടെ സഹായം പ്രതീക്ഷിക്കുന്നത്.