ദുബായ് : നോർക്കയുടെ നേതൃത്വത്തിൽ ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് സംഘടിപ്പിച്ചു. പ്രവാസികൾക്കുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കോവിഡനന്തര കേരളത്തിന്റെ വളർച്ചയ്ക്ക് നൂതനപദ്ധതികൾ വേണം.

കേരളത്തിൽ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി ഉന്നതവിദ്യാഭ്യാസകേന്ദ്രം ആരംഭിക്കുന്നതിന് പ്രവാസിവ്യവസായികളുടെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തിൽ വടക്കൻ കേരളത്തിൽ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണി പരിശീലനത്തിനായി സോഷ്യൽ അഡ്വാൻസ്‌മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സെന്റർ ഫോർ എക്സ്‌ലൻസ് സ്ഥാപിക്കും.

നൂറുകോടി രൂപ ഇതിലേക്ക് മുതൽമുടക്കുമെന്ന് നോർക്ക റൂട്ട്‌സ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ലേണിങ് എന്നിങ്ങനെ ആധുനിക വിവരസാങ്കേതികവിദ്യയുടെയും ശാസ്ത്രമികവിന്റെയും അടിസ്ഥാനത്തിലാകും പദ്ധതി നടപ്പാക്കുക. വിദേശരാജ്യങ്ങളിലെ മാറുന്ന തൊഴിൽ സാധ്യതകൾ തിരിച്ചറിയാനും ആ മേഖലകളിലേക്ക് കേരളത്തിലെ ഉദ്യോഗാർഥികളെ എത്തിക്കാനും ചില സുപ്രധാന ചുവടുവെപ്പുകൾ നടത്തുമെന്നും ആസാദ് മൂപ്പൻ പറഞ്ഞു.