ഷാർജ : വിദ്യാദേവത സരസ്വതിയെ സ്തുതിച്ചുകൊണ്ട് പ്രവാസനാട്ടിലും കുട്ടികൾ അറിവിന്റെ ഹരിശ്രീ കുറിച്ചു. യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കുട്ടികൾ രക്ഷിതാക്കളുടേയും ആചാര്യന്മാരുടേയും മടിയിലിരുന്ന് അരിയിൽ ആദ്യക്ഷരം എഴുതി. മലയാളികളെ കൂടാതെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ കുട്ടികളും വിദ്യാരംഭത്തിൽ പങ്കുചേർന്നു. വിജയദശമി ദിവസമായ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിമുതൽ പലയിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിരുന്നു. യു.എ.ഇ.യിലെ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമായും വിദ്യാരംഭം സംഘടിപ്പിച്ചത്.

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നൂറോളം കുട്ടികൾ ആദ്യക്ഷരമെഴുതി അക്ഷരലോകത്തേക്ക് കാലെടുത്തുവെച്ചു. എം.ടി.പ്രദീപ്കുമാർ, ഹരീഷ് ശ്രീരംഗം എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരമെഴുതിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. അഡ്വ.വൈ.എ.റഹീം, ടി.കെ.ശ്രീനാഥ് എന്നിവർ സംസാരിച്ചു.

ഏകതാ ഷാർജയുടെ വിദ്യാരംഭം വെർച്വൽ ആയാണ് നടന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിമാരായ മഞ്ജുനാഥ് അഡിഗ, മകൻ ഡോ.നിത്യാനന്ദ അഡിഗ എന്നിവർ ഓൺലൈനിലൂടെ എഴുത്തിനിരുത്തൽ ചടങ്ങിന് ആചാര്യന്മാരാവുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയുമുണ്ടായി. മൊത്തം 129 കുട്ടികൾ അതാത് വീടുകളിൽ രക്ഷിതാക്കളുടെ മടിയിലിരുന്ന് ആദ്യക്ഷരമെഴുതി.

അയ്യപ്പസേവാസമിതി യു.എ.ഇ.യുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ 80 കുട്ടികൾ പങ്കെടുത്തു. ദുബായ് ലിറ്റിൽ ഫ്ളവർ സ്‌കൂളിലെ അധ്യാപിക സഹിത ജയദേവ് കുട്ടികളെ ഹരിശ്രീ എഴുതിച്ചു.