ദുബായ് : ദുബായ് വിമാന കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിന് കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതം മൂലം വൻസാമ്പത്തിക നഷ്ടം. 2020-2021 സാമ്പത്തികവർഷം എമിറേറ്റ്‌സ് 2,000 കോടി ദിർഹത്തിന്റെ (ഏകദേശം 40,000 കോടി രൂപ) നഷ്ടം രേഖപ്പെടുത്തി. എമിറേറ്റ്‌സിന്റെ 30 വർഷംനീണ്ട ചരിത്രത്തിനിടയിലെ ഏറ്റവുംവലിയ നഷ്ടമാണിത്.

കോവിഡ് വ്യാപനത്തെത്തുടർന്ന് ലോകത്താകാമാനം ഉണ്ടായ യാത്ര പ്രതിസന്ധി എമിറേറ്റ്‌സിനും തിരിച്ചടിയായി. ഗ്രൂപ്പിന്റെ ആകെ വരുമാനത്തിൽ 66 ശതമാനം ഇടിവാണ് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തിയത്. കോവിഡിന് മുൻപുള്ള സാമ്പത്തികവർഷം 110 കോടി ദിർഹത്തിന്റെ (ഏകദേശം 2,200 കോടി രൂപ) ലാഭമുണ്ടായിരുന്നു. ലോകത്തിലെ മുൻനിര വിമാന കമ്പനികളിലൊന്നാണ് ദുബായിയുടെ എമിറേറ്റ്‌സ് എയർലൈൻസ്. കോവിഡ് പ്രതിസന്ധിയിൽ 31 ശതമാനം ജീവനക്കാരെ എമിറേറ്റ്‌സ് ഒഴിവാക്കിയിരുന്നു. 1300 കോടി ദിർഹം സഹായം ദുബായ് ഭരണകൂടം നേരത്തെ അനുവദിച്ചിരുന്നു. ഇത് എമിറേറ്റ്‌സിന്റെയും സഹകമ്പനിയായ ഡിനാറ്റയുടെയും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സഹായകരമായതായി ഗ്രൂപ്പ് സി.ഇ.ഒ.യും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു.