മസ്‌കറ്റ് : കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന പ്രവാസികൾക്ക് പുനരധിവാസം ഉറപ്പാക്കുന്നതിന് കേരള സർക്കാർ പദ്ധതികൾ നടപ്പാക്കണമെന്ന് ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച പ്രവാസി സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ബജറ്റിലും പ്രവാസി വോട്ടവകാശത്തിലും ഗൾഫുകാർ അവഗണിക്കപ്പെടുകയാണ്. ജീവിതത്തിന്റെ നല്ലകാലം വിദേശങ്ങളിൽ കഷ്ടപ്പെടുന്നവരോട് സർക്കാർ അനുഭാവപൂർണമായ സമീപനം കൈക്കൊള്ളണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് സി.എം.കെ. അധ്യക്ഷത വഹിച്ചു.
മുസ്തഫ മദനി മമ്പാട്, റഷീദ് കൊടക്കാട്, റഷീദ് കല്പറ്റ(കെ.എം.സി.സി.), ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പർ സിറാജുദ്ദീൻ ഞെലാട്ട്, ഹുസൈൻ കാച്ചിലോടി (സി.ജി.ഒമാൻ), ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സെക്രട്ടറി ഇഹ്ജാസ് ഇസ്മായിൽ, സഈദ് സലാല, ഹാഫിസ് ബിലാൽ എന്നിവർ സംസാരിച്ചു.