ദുബായ് : യു.എ.ഇ.യിൽ മൂടൽമഞ്ഞ് കനത്തതോടെ പോലീസിന് ലഭിക്കുന്ന അടിയന്തര കോളുകളുടെ എണ്ണവും വർധിച്ചു. ഞായറാഴ്ച അർധരാത്രിമുതൽ തിങ്കളാഴ്ച രാവിലെ ഒമ്പതുവരെ 2574 എമർജൻസി കോളുകളാണ് ലഭിച്ചതെന്ന് ദുബായ് പോലീസ് അറിയിച്ചു. എന്നാൽ, ഗുരുതരമായ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഡയറക്ടർ കേണൽ തുർക്കി ബിൻ ഫാരിസ് പറഞ്ഞു.
എല്ലാ എമിറേറ്റുകളിലും മൂടൽമഞ്ഞിൽ ഗതാഗതം സുരക്ഷിതമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി ഓർമിപ്പിച്ചു.
മഞ്ഞിലിറങ്ങിയാൽ വലിയ വാഹനങ്ങൾക്ക് പിഴ
അബുദാബി : മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യങ്ങളിൽ നിരത്തിലിറങ്ങുന്ന ട്രക്കുകൾക്കും ബസുകൾക്കും 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷ ലഭിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ, തൊഴിലാളികളുമായി പോകുന്ന വലിയ വാഹനങ്ങൾ എന്നിവയുടെ ഉടമകൾക്കും കമ്പനികൾക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്