ഷാർജ : അൽ നഹ്ദയിലെ മൊബൈൽ പോലീസ് സ്റ്റേഷൻ വലിയ വിജയമാണെന്ന് സമഗ്ര പോലീസ് വകുപ്പ് ഡയറക്ടർ കേണൽ യൂസഫ് ഒബെയ്ദ് ബിൻ ഹർമൗൾ. താമസക്കാരുടെ അഭ്യർഥനയെത്തുടർന്ന് ഇനിമുതൽ മൊബൈൽ സ്റ്റേഷൻ അൽ നഹ്ദയിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതികൾ നൽകാനും മറ്റ് സേവനങ്ങൾക്കുമായി നിരവധിയാളുകളാണ് മൊബൈൽ പോലീസ് സ്റ്റേഷനെ ആശ്രയിക്കുന്നത്. 2019-ലാണ് താമസകേന്ദ്രങ്ങൾക്ക് സമീപം അൽ നഹ്ദ പാർക്കിന് മുന്നിലായി പദ്ധതി ആരംഭിച്ചത്. എന്നാൽ കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഇത് വസിത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
2020-ൽ സ്റ്റേഷൻ അൽ നഹ്ദയിലേക്ക് തന്നെ തിരികെ മാറ്റുകയും ചെയ്തു. സ്റ്റേഷൻ സ്ഥിരമായി നഹ്ദയിൽ തുടരാനാണ് തീരുമാനം. 2020 ഡിസംബർ 15 മുതൽ 2021 ഫെബ്രുവരി ഏഴുവരെ ഇവിടെ റിപ്പോർട്ട് ചെയ്ത ആകെ നിയമലംഘനങ്ങൾ 34 ആണ്. രാത്രിയിൽ ലൈറ്റുകളിടാതെ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കൽ, കാൽനടയാത്രക്കാർക്ക് അല്ലാത്ത പാതയിലൂടെ റോഡ് മുറിച്ചുകടക്കൽ എന്നിവയാണ് പ്രധാന നിയമലംഘനങ്ങൾ.
എന്നാൽ ഗുരുതരമായ യാതൊരു കുറ്റകൃത്യങ്ങളും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പോലീസ് ഓപ്പറേഷൻ റൂമുമായി കാമറകൾ ബന്ധിപ്പിച്ചാണ് സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നത്. ട്രാഫിക് പട്രോളിങ്, ഫൂട് പട്രോൾ, സ്കൂട്ടർ പട്രോളിങ് എന്നിവയും ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കാനായി നഗരത്തിലെ വിവിധമേഖലകളിൽ കൂടുതൽ മൊബൈൽ സ്റ്റേഷനുകൾ ആരംഭിക്കും. എല്ലാ താമസകെട്ടിടങ്ങളിലും സി.സി.ടി.വി. സ്ഥാപിക്കുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.