റിയാദ് : സൗദി അറേബ്യയിലെ ജിസാൻ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ വിക്ഷേപിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച നാല് ഡ്രോണുകളും അറബ് സഖ്യസേന ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച പുലർച്ചെയുമായി തടഞ്ഞു നശിപ്പിച്ചു.

രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനുള്ള ഹൂതി വിമതരുടെ ആസൂത്രിതവും ശത്രുതാപരവുമായ ശ്രമങ്ങളുടെ ഭാഗമാണ് തുടർച്ചയായ ആക്രമണങ്ങളെന്ന് യെമെനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സഖ്യസേന പറഞ്ഞു. യെമെന്റെ സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി സമഗ്ര വെടിനിർത്തൽ വേണമെന്ന ആവർത്തിച്ചുള്ള സൗദി ആഹ്വാനങ്ങൾ അവഗണിച്ചുകൊണ്ട്, ഹൂതി വിമതർ അടുത്തിടെ സാധാരണക്കാരെയും സാധാരണക്കാരുടെ വസ്തുവകകളും ലക്ഷ്യമിട്ട് ഒട്ടേറെ സൗദി നഗരങ്ങളിലും പ്രദേശങ്ങളിലും ആക്രമണങ്ങൾ ശക്തമാക്കിയിരിക്കയാണെന്നും സഖ്യസേന പറഞ്ഞു.