ദുബായ് : ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫയ്ക്കുമുകളിലെ അതിസാഹസികവീഡിയോയുമായി വീണ്ടും എമിറേറ്റ്‌സ് എയർലൈൻസ്. നികോൾ സ്മിത്ത് ലുഡ്‌വിക് എന്ന സ്കൈഡൈവർ എയർഹോസ്റ്റസിന്റെ വേഷത്തിൽ നിൽക്കുന്ന വീഡിയോയാണ് എമിറേറ്റ്‌സ് വെള്ളിയാഴ്ച പുറത്തുവിട്ടത്.

ഇത്തവണ എക്സ്‌പോ 2020-യിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ളതാണ് വീഡിയോ. ഞാനിവിടെത്തന്നെയുണ്ട്, ഇവിടെനിന്ന് ദുബായ് എക്സ്‌പോ 2020 കാണാം എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിക്കുമ്പോൾ ഇവരുടെ പിറകിലൂടെ ലോകത്തെ ഏറ്റവും വലിയ പാസഞ്ചർവിമാനമായ എമിറേറ്റ്‌സ് എ-380 കടന്നുപോകുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

2020 ഓഗസ്റ്റിൽ ഇത്തരത്തിൽ പുറത്തുവിട്ട വീഡിയോ ആളുകളെ ഞെട്ടിപ്പിച്ചിരുന്നു. യു.എ.ഇ.യെ ബ്രിട്ടൻ യാത്രാവിലക്കുള്ള പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് നന്ദിപറഞ്ഞുകൊണ്ടുള്ളതായിരുന്നു നേരത്തെ പുറത്തുവിട്ട വീഡിയോ.