ദുബായ് : ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) വ്യാഴാഴ്ച ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ദേവാസാറ്റ് വൺ എന്ന നാനോ ഉപഗ്രഹത്തിൽനിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു. ഫ്ളോറിഡയിലെ കേപ് കാനാവറെൽ സ്പേസ് ലോഞ്ച് കോംപ്ലക്സിൽനിന്ന് സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റിലാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത്.

സെക്കൻഡിൽ 7.5 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹത്തിന് ഭൂഗോളത്തെ ഭ്രമണംചെയ്യാൻ 90 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ. ദുബായുടെ യൂട്ടിലിറ്റി നെറ്റ്‌വർക്ക് മെച്ചപ്പെടുത്താനാണ് ദുബായ് നാനോ ഉപഗ്രഹം ലക്ഷ്യമിടുന്നത്. ലോകത്താദ്യമായാണ് വൈദ്യുതി, ജല ശൃംഖലകളുടെ പരിപാലനവും ആസൂത്രണവും മെച്ചപ്പെടുത്തുന്നതിന് നാനോ ഉപഗ്രഹം ഉപയോഗിക്കുന്നത്.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ ദേവയുടെ ഗവേഷണ വികസന കേന്ദ്രത്തിലാണ് നാനോ ഉപഗ്രഹം വികസിപ്പിച്ചത്. വൈദ്യുതി, ജല ശൃംഖലകൾ ഫലപ്രദമായി നിരീക്ഷിക്കാനും കൈകാര്യംചെയ്യാനും പരിപാലിക്കാനുമുള്ള കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി ദേവ ഈ വർഷാവസാനം മറ്റൊരു യു.6 നാനോ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ദേവ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.