ദുബായ് : നഗരഹൃദയത്തിലുള്ള ദുബായ് ഇൻഫിനിറ്റി പാലം ഞായറാഴ്ച പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കും. അതേസമയം, ദേരയിൽനിന്ന് ബർ ദുബായ് വരെയുള്ള ദിശയിൽ രണ്ട് മാസത്തേക്ക് അൽ ഷിന്ദഗ ടണൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

അൽ ഷിന്ദഗ ടണലും ഇൻഫിനിറ്റി പാലവും തമ്മിലുള്ള ബന്ധം പൂർത്തിയാക്കാൻ അടച്ചിടൽ ആവശ്യമാണെന്ന് ആർ.ടി.എ. വ്യക്തമാക്കി. ഇൻഫിനിറ്റി പാലത്തിലൂടെ ദേരയിൽനിന്ന് ബർ ദുബായിലേക്കും തിരിച്ചും ഗതാഗതംസുഗമമായി നടക്കും. ഓരോ മണിക്കൂറിലും 24,000-ത്തോളം വാഹനങ്ങൾക്ക് ഇരുദിശകളിലേക്കും സഞ്ചരിക്കാനാകും.

300 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ളപാലത്തിൽ ഇരു ദിശകളിലേക്കും ആറുവീതം പാതകളുണ്ട്. 2018-ൽ ആദ്യമായി പ്രഖ്യാപിച്ച ഇൻഫിനിറ്റി പാലം 530 കോടി ദിർഹത്തിന്റെ അൽ ഷിന്ദഗ ഇടനാഴി പദ്ധതിയുടെ ഭാഗമാണ്. ബോട്ടുകൾക്ക് അടിയിലൂടെ കടന്നുപോകാൻ നദിയിൽനിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലം. 24 മണിക്കൂറും വലിയ ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ കടന്നുപോകാം. ഗണിത ചിഹ്നത്തിലെ ഇൻഫിനിറ്റിയെ (അനന്തത) സൂചിപ്പിക്കുന്ന കമാനമാണ് പാലത്തിന്റെ ആകർഷണീയത. കഴിഞ്ഞ ദിവസമാണ് ക്രീക്കിന് മുകളിലൂടെ നിർമിച്ച പാലം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തത്.