ദുബായ് : ഷോപ്പിങ് ഫെസ്റ്റിവലിന് മാറ്റുകൂട്ടിക്കൊണ്ട് വിനോദപരിപാടികളും ആഘോഷങ്ങളും കലാശില്പശാലകളും സമ്മേളിക്കുന്ന അൽ സീഫ് ഡിസ്ട്രിക്റ്റ് ഒരുങ്ങി.

വെള്ളം, വായു, ഭൂമി, അഗ്നി എന്നീ ആശയത്തിലാണ് ആഘോഷവേദികൾ ഒരുക്കിയിട്ടുള്ളത്. 30 വരെ അൽ സീഫിൽ സന്ദർശകർക്ക് വേറിട്ട അനുഭവമാണ് ലഭിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി. യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും വിവരിക്കുന്ന ചന്തകൾ, സംവാദപരിപാടികൾ, എല്ലാപ്രായത്തിൽപ്പെടുന്നവർക്കുമുള്ള ആഘോഷങ്ങൾ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതയായിരിക്കും. വിവിധ മത്സരപരിപാടികളും സുസ്ഥിരത ആശയത്തിലുള്ള ഫോട്ടോഗ്രാഫി മത്സരവും നടക്കും. ‘പ്രവൃത്തിയിലൂടെ പഠിക്കുക’ എന്ന ആശയത്തിലാണ് ഇത്തവണത്തെ ആഘോഷപരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ. അഹമ്മദ് അൽ ഖാജ പറഞ്ഞു. ഞായർമുതൽ ബുധൻവരെ വൈകീട്ട്‌ ആറുമണിമുതൽ പത്തുമണിവരെയും വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ 11 മണി വരെയുമാണ് അൽ സീഫ് മാർക്കറ്റ് തുറന്നുപ്രവർത്തിക്കുക.