ദുബായ് : ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ ദുബായിലെ 12 വർക്ക് പെർമിറ്റുകൾക്ക് അംഗീകാരം. വെള്ളിയാഴ്ച ദുബായ് എക്സ്‌പോ 2020 വില്ലേജിലെ യു.എ.ഇ. പവിലിയനിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വർക്ക് പെർമിറ്റുകൾക്ക് അംഗീകാരം നൽകിയത്.

തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയന്ത്രണങ്ങളും പുതിയ പ്രവർത്തനമാതൃകകളും മന്ത്രിസഭ അംഗീകരിച്ചതായി ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. പുതിയ തീരുമാനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഫ്രീലാൻസ്, ഫ്ളെക്സിബിൾ, താത്കാലിക ജോലികൾ, ഗോൾഡൻ റെസിഡൻസി ഹോൾഡർ തുടങ്ങി പുതിയതരം ജോലികൾ നിയന്ത്രിക്കുന്നതിനും തൊഴിൽബന്ധങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പെർമിറ്റുകൾക്കാണ് അംഗീകാരം നൽകിയത്.

ഏറ്റവും മികച്ച വഴക്കമുള്ളതും വൈവിധ്യപൂർണവുമായ ബിസിനസ് അന്തരീക്ഷം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അനുഗ്രഹീതമായൊരു വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിന് നേതൃത്വംനൽകുന്നത് -ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ദൈർഘ്യമേറിയ അംഗീകാരപ്രക്രിയകളില്ലാത്ത പദ്ധതികൾ നടപ്പാക്കാൻ മന്ത്രാലയങ്ങൾക്ക് കൂടുതൽ അധികാരം നൽകാനാണ് മന്ത്രിസഭായോഗത്തിന്റെ ആദ്യതീരുമാനം. സ്കൂളുകളിലെ സ്മാർട്ട് ലേണിങ്ങിനുള്ള പുതിയ കമ്മിറ്റി, നികുതിയെക്കുറിച്ചുള്ള കരാറുകൾ, കാലാവസ്ഥാ വ്യതിയാനം നേരിടാൻ യു.എന്നുമായി ചേർന്ന് ചർച്ച എന്നിവയും യോഗത്തിൽ ചർച്ചചെയ്യപ്പെട്ടു. അന്താരാഷ്ട്രവേദിയിൽ യു.എ.ഇ.യെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നതുസംബന്ധിച്ചുള്ള ചർച്ചയും നടന്നു.

സ്പോർട്സ് കൗൺസിലുകൾ, ഫെഡറേഷനുകൾ, ഒളിമ്പിക് കമ്മിറ്റികൾ എന്നിവയുൾപ്പെടെയുള്ള കായികപ്രവർത്തനങ്ങളെ സമഗ്രമായി നിയന്ത്രിക്കുന്ന പുതിയനിയമം പുറപ്പെടുവിക്കുന്നതിന് മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയതായും ശൈഖ് മുഹമ്മദ് അറിയിച്ചു.