അബുദാബി : സേവനരംഗത്തെ മികവിന് അബുദാബി ആരോഗ്യസേവനകേന്ദ്രമായ സേഹയ്ക്ക് രണ്ട് അന്താരാഷ്ട്രപുരസ്കാരം. ജി.സി.സി. ഇ-ഹെൽത്ത് വർക്ക്‌ഫോഴ്‌സ് കോൺഫറൻസിന്റെ നഴ്സിങ് ഇൻഫോർമാറ്റിക്‌സ് യൂണിറ്റ് ഓഫ് ദി ഇയർ 2021-22 പുരസ്കാരവും നഴ്സിങ് ക്വാളിറ്റി ഇൻഡിക്കേറ്റേഴ്‌സ് അവാർഡുമാണ് സേഹയ്ക്ക് ലഭിച്ചത്.

ആതുരസേവനരംഗങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതും ഉത്തരവാദിത്തപൂർണവുമാക്കാൻ ഈ അംഗീകാരങ്ങൾ കരുത്തുപകരുന്നതായി സേഹ ഗ്രൂപ്പ് നഴ്സിങ് ഓഫീസർ ചീഫ് ആയിഷ അൽ മഹ്രി പറഞ്ഞു. നഴ്സിങ് പരിശീലനരംഗത്ത് ബിഗ് ഡേറ്റ, നിർമിതബുദ്ധി തുടങ്ങി ആധുനികസങ്കേതങ്ങളുടെ ഉപയോഗം, തുടർച്ചയായ നവീകരണം എന്നിവയെല്ലാം ഈ നേട്ടത്തിലേക്ക് നയിക്കാൻ കാരണമായതായും ആയിഷ പറഞ്ഞു. സേഹ നഴ്സുമാരുടെ സേവനത്തിനുലഭിച്ച അംഗീകാരം അഭിമാനംപകരുന്നതാണെന്ന് സേഹ ഗ്രൂപ്പ് ഡെപ്യൂട്ടി ചീഫ് നഴ്സിങ്ങും അലൈഡ് ഹെൽത്ത് ഡയറക്ടറുമായ സമ മഹ്മൂദ് പറഞ്ഞു.