ദുബായ് : എമിറേറ്റിലെ ചില സ്വകാര്യ സ്കൂളുകളിൽ തിങ്കളാഴ്ചമുതൽ നേരിട്ടുള്ള പഠനം ആരംഭിക്കുന്നതിൽ ആശങ്കയിലാണ് രക്ഷിതാക്കൾ.

കോവിഡ് കേസുകൾ വളരെ ഉയർന്ന സാഹചര്യത്തിലാണ് രക്ഷിതാക്കൾ ആശങ്കപ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കുട്ടികളെ സ്കൂളുകളിലേക്ക് നേരിട്ടുള്ള പഠനത്തിന് അയക്കുന്നതിൽ ഇപ്പോൾ താത്പര്യമില്ലെന്നാണ് ദുബായിലെ ഇന്ത്യൻ ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽ ചിലരുടെ പ്രതികരണം. ഓൺലൈൻ പഠനം തുടരണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നാണ് ചില സ്വകാര്യസ്കൂളുകളുടെ നിലപാട്. സർട്ടിഫിക്കറ്റുകൾ സ്കൂളുകളിലെ ക്ലിനിക്ക് ഡോക്ടർ അംഗീകരിക്കുകയും വേണം.

ഒട്ടുമിക്ക രക്ഷിതാക്കളും നിലവിലെ സാഹചര്യത്തിൽ ഓൺലൈൻപഠനംതന്നെ തുടരാമെന്ന നിലപാടിലാണ്. കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ കുടുംബം മുഴുവൻ ക്വാറന്റീനിൽ പോകേണ്ട അവസ്ഥവരും.

ഇത് എല്ലാത്തരത്തിലും വെല്ലുവിളിയാണ്. ഇന്നത്തെക്കാലത്ത് ഇന്റർനെറ്റ് പ്രശ്നമല്ലാത്തതുകൊണ്ട് ഓൺലൈൻപഠനം തന്നെയാണ് ഏറ്റവും സുരക്ഷിതമെന്ന് അവർ കരുതുന്നു.

മാതാപിതാക്കൾ രണ്ടുപേരും ജോലിക്കുപോകുന്ന വീടുകളിൽ കുട്ടികളുടെ ഓൺലൈൻപഠനം ബുദ്ധിമുട്ടാവുന്നവരുണ്ട്. എന്നാൽ, നേരിട്ടുള്ള പഠനം ആരംഭിച്ച ചിലയിടത്ത് കുട്ടികൾക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതോടെ പല കുടുംബങ്ങളും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നിരുന്നു.

ഈ സാഹചര്യവുമായി രക്ഷിതാക്കളും പൊരുത്തപ്പെട്ടുപോകണം. അതേസമയം സ്കൂൾ ബസിൽ ആരെങ്കിലും പോസിറ്റീവാണെന്ന് തെളിഞ്ഞാൽ സ്കൂൾ ബസ് യാത്ര ഒഴിവാക്കി എല്ലാവർക്കും ഓൺലൈൻപഠനം വാഗ്ദാനം ചെയ്തിരുന്നു.

ഓരോ ക്ലാസുകളിലൂടെയും കയറിയിറങ്ങുന്ന അധ്യാപകരിലൂടെയും കോവിഡ് വ്യാപനം ഉണ്ടായേക്കാം. ഓൺലൈൻപഠനം ശാശ്വതപരിഹാരമല്ലെങ്കിലും അതാവശ്യമുള്ളവർക്ക് നൽകണം -രക്ഷിതാക്കൾ പറഞ്ഞു.

കോവിഡ് വ്യാപനം കുറഞ്ഞാൽ സുരക്ഷിതമായി നേരിട്ടുള്ള പഠനം ആരംഭിക്കാമല്ലോ എന്നും ചില രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.