ദുബായ് : ഗൾഫിൽ ഉടനീളം ന്യൂനമർദംമൂലം ശനിയാഴ്ചമുതൽ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യു.എ.ഇ.യിലും ഒമാന്റെ വിവിധ ഭാഗങ്ങളിലുമായാണ് മഴ ശക്തമാവുക. ഒമാനിൽ മുസന്ദം ഗവർണറേറ്റ്, നോർത്ത് അൽ ബാത്തിന എന്നിവിടങ്ങളിൽ മഴപെയ്യും.

15 മുതൽ ഏതാനും ദിവസങ്ങളിൽ ന്യൂനമർദത്തിന്റെ സ്വാധീനമുണ്ടാകുമെന്നാണ് വിവരം. യു.എ.ഇ.യിൽ പരക്കെ ഇടിയോടുകൂടിയ മഴ ലഭിക്കും. മഴയ്ക്കുമുമ്പ് കനത്ത പൊടിക്കാറ്റിനും മൂടൽമഞ്ഞുനിറയാനും സാധ്യയുണ്ട്. ദൂരക്കാഴ്ച തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് അതീവശ്രദ്ധയോടെമാത്രം വാഹനങ്ങൾ ഓടിക്കണമെന്നും ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പരമാവധി 35 കിലോമീറ്റവർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കടലിൽപ്പോകുന്നവരും ജാഗ്രതപാലിക്കണം.

അതേസമയം, വെള്ളിയാഴ്ച അബുദാബിയുടെ വിവിധയിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അബുദാബിയിലെ ഒട്ടേറെ റോഡുകളിൽ വാഹനങ്ങളുടെ പരമാവധി വേഗം വെള്ളിയാഴ്ച രാവിലെ 80 കിലോമീറ്ററായി പരമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഒരുവർഷത്തിനിടയിലെ ഏറ്റവുംവലിയ മഴയായിരുന്നു യു.എ.ഇ.യിൽ ഒരാഴ്ചമുമ്പ് പെയ്തത്.