ഷാർജ : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും പ്രതിരോധ നടപടികൾ സ്വീകരിച്ചും വിദേശത്തുനിന്ന് വരുന്നവർക്ക് മാത്രമായി കേന്ദ്രവും കേരളവും നിർബന്ധിത ക്വാറന്റീൻ നടപടികൾ അടിച്ചേൽപ്പിക്കുന്നതിനെതിരേ ഇൻകാസ് യൂത്ത്‌വിങ് പ്രവർത്തകർ ധർണ നടത്തും. ശനിയാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലാണ് പ്രവാസി പ്രതിഷേധധർണ നടത്തുക.

രാവിലെ 10 മണിക്ക് നടക്കുന്ന ധർണ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നാട്ടിലുള്ള ഇൻകാസിന്റെ മുഴുവൻ പ്രവർത്തകരും ശനിയാഴ്ചത്തെ ധർണയിൽ പങ്കെടുക്കാനായി തിരുവന്തപുരത്തെത്തുമെന്ന് യൂത്ത്‌വിങ് ഭാരവാഹികൾ പറഞ്ഞു. ധർണ വിജയിപ്പിക്കാനായി യു.എ.ഇ.യിലെ സാമൂഹിക പ്രവർത്തകരും ഇൻകാസ് ഭാരവാഹികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങളും നടത്തിയിരുന്നു.

പ്രവാസികൾക്ക് മാത്രമായി ക്വാറന്റീൻ എന്തിന്- ജോർജ് ഓണക്കൂർ

വിദേശത്തുനിന്ന് കൃത്യമായ കോവിഡ് നിയമങ്ങൾ പാലിച്ചെത്തുന്ന ഇന്ത്യക്കാർക്ക് മാത്രമായി എന്തിനാണ് സർക്കാർ ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരൻ ജോർജ് ഓണക്കൂർ. ഷാർജ ഇന്ത്യൻ അസോസിയേഷൻ നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തവേയാണ് ക്വാറന്റീൻ നടപടികൾ പിൻവലിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടത്.

കോവിഡ് കാലത്ത് ഏറ്റവുമധികം പ്രയാസമനുഭവിച്ചവരാണ് ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികൾ. വീണ്ടും ഇത്തരം നിർബന്ധിത നടപടികളിൽ അവർ കൂടുതൽ ദുരിതമനുഭവിക്കുകയാണ്.

അനാവശ്യമായ പൊതുയോഗങ്ങളും ആൾക്കൂട്ടവും കാരണം കേരളംപോലുള്ള സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം വർധിക്കുന്നത്. അത്തരം സാഹചര്യത്തിൽ കോവിഡിന് ഉത്തരവാദികൾ പ്രവാസികളാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.