ദുബായ് : ലോകമഹാമേളയായ എക്സ്‌പോ 2020 ദുബായ് വില്ലേജിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തുന്നു. 16-ന് സന്ദർശകരുടെ എണ്ണം ഒരു കോടി കവിയുമെന്ന് സംഘാടകർ അറിയിച്ചു. ഇതിന്റെ ആഹ്ലാദം പങ്കുവെക്കാനായി പ്രത്യേക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുപ്രകാരം ഞായറാഴ്ച എക്സ്‌പോ സന്ദർശിക്കാനെത്തുന്നവർക്ക് വെറും 10 ദിർഹത്തിന് പ്രവേശന ടിക്കറ്റ് സ്വന്തമാക്കാം. ഓൺലൈൻ വഴിയും എക്സ്‌പോ ഗേറ്റുകളിലും പ്രവേശന ടിക്കറ്റുകൾ ലഭ്യമാണ്. അതേസമയം സീസൺ പാസുള്ളവർക്ക് വേറെ ടിക്കറ്റിന്റെ ആവശ്യമില്ല.

ഒട്ടേറെ ആഘോഷപരിപാടികളും അന്നേദിവസം എക്സ്‌പോ വേദിയിൽ അരങ്ങേറും. റിപ്പബ്ലിക് ഓഫ് കൊറിയ തങ്ങളുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ജാങ്-ഗു ഡ്രംസ്, തായ്‌ക്വാൻഡോ ആയോധന കലകളുടെ പ്രദർശനം, ജൂബിലി സ്റ്റേജിൽ രാത്രി 7.30-ന് പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി പ്രത്യേക കച്ചേരികൾ എന്നിവ ഞായറാഴ്ച സംഘടിപ്പിക്കുന്നുണ്ട്. ‘എല്ലാവർക്കും വേണ്ടിയുള്ള ആഗോള ലക്ഷ്യങ്ങൾ’ എന്ന ആശയത്തിനുകീഴിൽ 15 മുതൽ 22 വരെ നടക്കുന്ന ഗ്ലോബൽ ഗോൾസ് വീക്കിനോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികളും എക്സ്‌പോ നഗരിയെ സമ്പന്നമാക്കും. ജൂബിലി സ്റ്റേജിലെ ഡെക്കുകളിലും ഒട്ടേറെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

പ്രവേശനത്തിന് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് പി.സി.ആർ. പരിശോധനയുടെ നെഗറ്റീവ് ഫലമോ എല്ലാവർക്കും നിർബന്ധമാണ്. എക്സ്‌പോ ടിക്കറ്റ് കൈവശമുള്ള വാക്സിൻ എടുക്കാത്ത സന്ദർശകർക്ക് യു.എ.ഇ.യിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് സൗജന്യമായി പി.സി.ആർ. പരിശോധന ചെയ്യാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച എക്സ്‌പോ 2020 ഈ വർഷം മാർച്ച് 31 വരെ നീണ്ടുനിൽക്കും.