അബുദാബി : കോവിഡ് ബാധിതർക്കും രോഗബാധിതരുമായി സമ്പർക്കംപുലർത്തിയവർക്കും ഐസൊലേഷൻ, പരിശോധനാവ്യവസ്ഥകൾ പരിഷ്കരിച്ച് അബുദാബി. അപകടസാധ്യതകൂടിയ വിഭാഗം, രോഗലക്ഷണങ്ങൾ കുറവുള്ള വിഭാഗം, ഗുരുതര അസുഖങ്ങളില്ലാത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുള്ളത്.

അപകടസാധ്യത കൂടിയവർ

വയസ്സിന് മുകളിലുള്ളവർ, ഗുരുതരമായ കോവിഡ് ലക്ഷണങ്ങളുള്ളവർ, മറ്റ് ഗുരുതര അസുഖങ്ങളുള്ളവർ, ഗർഭിണികൾ തുടങ്ങി അപകടസാധ്യതകൂടിയ വിഭാഗത്തിൽപ്പെടുന്നവർ പോസിറ്റീവായാൽ പ്രാഥമിക നിരീക്ഷണകേന്ദ്രത്തിൽ റിപ്പോർട്ടുചെയ്യുകയും പരിശോധനകളുടെ അടിസ്ഥാനത്തിൽ ഐസൊലേഷൻ നടപടികൾ സ്വീകരിക്കുകയും വേണം.

ഐസൊലേഷൻ കാലാവധി അവസാനിക്കുന്നതിന് മുമ്പ് 24 മണിക്കൂറിനിടെ ലഭിച്ച രണ്ട് പി.സി.ആർ. നെഗറ്റീവ് ഫലവും നിർബന്ധമാണ്. അല്ലെങ്കിൽ എട്ടാംദിവസവും പത്താംദിവസവും പി.സി.ആർ. പരിശോധന നടത്തണം. 10 ദിവസത്തെ ഐസൊലേഷനിൽ അവസാന മൂന്നുദിവസം യാതൊരുവിധ രോഗലക്ഷണങ്ങളുമുണ്ടാകരുത്.

രോഗലക്ഷണങ്ങൾ കുറവുള്ളവരും ഗുരുതര അസുഖങ്ങൾ ഇല്ലാത്തവരും

രോഗലക്ഷണങ്ങൾ കുറവുള്ള, ഗുരുതര അസുഖങ്ങൾ ഇല്ലാത്തവർ വീണ്ടും പി.സി.ആർ. പരിശോധന നടത്തുകയും ഐസൊലേഷനിൽ പ്രവേശിക്കുകയും ചെയ്യണം. തുടർപരിശോധനയിലും പോസിറ്റീവ് ഫലംലഭിച്ചാൽ ഡോക്ടറുടെ സേവനം തേടുകയും ഐസൊലേഷൻ തുടരുകയും വേണം. തുടർപരിശോധനാഫലം നെഗറ്റീവ് ലഭിച്ചാൽ 24 മണിക്കൂറിനകം മറ്റൊരു പരിശോധനകൂടി നടത്തണം. ഇതും നെഗറ്റീവ് ഫലം ലഭിച്ചാൽ ഐസൊലേഷൻ അവസാനിപ്പിക്കാം.

അടുത്ത സമ്പർക്കം പുലർത്തിയവർക്ക് രോഗം സ്ഥിരീകരിച്ചാൽ എസ്.എം.എസ്. ആയി പരിശോധന നടത്താനുള്ള അറിയിപ്പ് ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കിൽ ഹോം ക്വാറന്റീൻ വ്യവസ്ഥകളും വ്യക്തമാക്കും. വാക്സിനെടുത്തവർക്ക് ഏഴു ദിവസവും വാക്സിനെടുക്കാത്തവർക്ക് 10 ദിവസവുമാണ് ഹോം ക്വാറന്റീൻ വ്യവസ്ഥചെയ്യുന്നത്. വാക്സിനെടുത്തവർ ആറാംദിവസവും വാക്സിനെടുക്കാത്തവർ ഒമ്പതാംദിവസവും പി.സി.ആർ. പരിശോധന നടത്തണം. നെഗറ്റീവ് ഫലം ലഭിക്കുന്നതോടെ സാധാരണജീവിതം തുടരാം.

ഹോം ക്വാറന്റീനിൽ കഴിയുന്നവർക്ക് പോസിറ്റീവ് ഫലം ലഭിച്ചാൽ അപകടസാധ്യതകൂടിയ വിഭാഗത്തിൽപ്പെടുന്നവർ കോവിഡ് പ്രാഥമിക പരിശോധനാകേന്ദ്രത്തിലെത്തി ഐസൊലേഷൻ നടപടികളിലേക്ക് കടക്കണം.

മറ്റുള്ള വിഭാഗങ്ങളിൽപ്പെടുന്നവർ ഏതെങ്കിലും പരിശോധനാകേന്ദ്രത്തിലെത്തി തുടർപരിശോധന നടത്തണം. ഇതിൽ പോസിറ്റീവ് ഫലം ലഭിച്ചാൽ സ്പെഷ്യലിസ്റ്റിന്റെ സേവനംതേടുകയും ഐസൊലേഷനിൽ പ്രവേശിക്കുകയും വേണം.

നെഗറ്റീവ് ഫലം ലഭിക്കുന്നവർ 24 മണിക്കൂറിനിടെ മറ്റൊരു പരിശോധനകൂടി നടത്തണം. ഇതിലും നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് ഐസൊലേഷൻ അവസാനിപ്പിക്കാം.

യു.എ.ഇ.യിൽ പ്രതിദിനരോഗികൾ മൂവായിരത്തിലേറെ

ദുബായ് : യു.എ.ഇ.യിൽ വെള്ളിയാഴ്ച 3068 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ മരിക്കുകയും 1226 പേർ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആകെ രോഗികൾ 7,99,065 ആണ്. ഇവരിൽ 7,58,031 പേരും രോഗമുക്തി നേടി. ആകെ കോവിഡ് മരണം 2185 ആണ്. നിലവിൽ 38,849 പേർ ചികിത്സയിലുണ്ട്. പുതുതായി 4,24,861 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.