അബുദാബി : പുതിയ അറിയിപ്പ് ലഭിക്കുന്നതുവരെ ചില ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസം തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള സൈക്കിൾ ത്രീ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്കാണ് ഇത് ബാധകം. ജനുവരി 17 ഞായറാഴ്ച സ്കൂളുകളിൽ നേരിട്ടെത്തിയുള്ള ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഇത് നീട്ടിവെക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
ഈ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെല്ലാം വിദൂര പഠന സമ്പ്രദായത്തിൽ തുടരുമെന്ന് സ്കൂളുകൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ മന്ത്രാലയം അയച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ശൈത്യകാല അവധികഴിഞ്ഞ് സ്കൂളുകൾ തുറന്നപ്പോൾ രണ്ടാഴ്ചക്കാലം ഇ-ലേണിങ് ആയിരുന്നു. അതിനുശേഷം 50 ശതമാനം പേർക്ക് സ്കൂളുകളിൽ നേരിട്ടെത്തി പഠനം തുടരാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്നാണ് പുതിയതീരുമാനം. ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ഇ-ലേണിങ് സമ്പ്രദായം തന്നെയാണ്.