അൽഐൻ : തണുപ്പകറ്റാൻ കരി കത്തിച്ച് ഉറങ്ങിയ മൂന്ന് മലയാളികളിൽ ഒരാൾ പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു. അൽ ഐനിലെ അൽ മസൂദിൽ ഡ്രൈവറായ മലപ്പുറം തിരുന്നാവായ എടക്കുളം സ്വദേശി ഹംസ(29) ആണ് അൽ ജിമി ആശുപത്രിയിൽ മരിച്ചത്. കൂടെ ജോലി ചെയ്യുന്ന കാസർകോട് നെല്ലിക്കുന്ന് സ്വദേശികളും സഹോദരങ്ങളുമായ കബീർ, സമീർ എന്നിവർ രക്ഷപ്പെട്ടു. ഇവരെ പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു.
രാവിലെ മൂന്നുപേരെയും വീട്ടിൽ കാണാതിരുന്ന ഉടമസ്ഥൻ ഇവരുടെ മുറിയിലെത്തി വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനാൽ പോലീസിൽ അറിയിച്ചു. പോലീസാണ് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുഞ്ഞി മുഹമ്മദിന്റെയും ആയിഷക്കുട്ടിയുടെയും മകനാണ് ഹംസ. ഭാര്യ: ഷഹന. മകൾ: ഇക്‌സ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ ഫത്താഹ്, റഹീന, സൈനബ. അൽ ഐൻ അൽ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.