ദുബായ് : യു.എ.ഇ.യിലെ ഏറ്റവുംവലിയ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് സ്വദേശിവത്കരണം നടപ്പാക്കുന്നു. ദുബായിലെ തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും സെന്ററുകളിലും മാളുകളിലും സ്വദേശിവത്കരണം വർധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയൻകോപ് അധികൃതർ വ്യക്തമാക്കി. യൂണിയൻകോപിന്റെ ഉന്നതപദവികളിൽ സ്വദേശിവത്കരണ നിരക്ക് 72 ശതമാനത്തിലെത്തി.

യോഗ്യരായ സ്വദേശികളെ ആകർഷിക്കുന്നതിനായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സ്വദേശിവത്കരണ രംഗത്ത് യൂണിയൻകോപ് വലിയ പുരോഗതിയാണ് നേടിയതെന്ന് സി.ഇ.ഒ. ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി പറഞ്ഞു.

തൊഴിൽവിപണിയിൽ സജീവമാകാനും കഴിവുകൾ വികസിപ്പിക്കാനും സ്വദേശി യുവാക്കൾക്ക് പിന്തുണയേകിക്കൊണ്ടാണ് പുതിയ നടപടിക്രമങ്ങൾ. സ്വദേശികൾക്ക് പിന്തുണയേകാൻ മികച്ച പരിശീലനവും നൽകുന്നുണ്ട്. യൂണിയൻ കോപിന് കീഴിൽ 453 സ്വദേശികളാണ് ജോലിചെയ്യുന്നത്. ഉയർന്ന തസ്തികയിലാണ് ഏറെപ്പേരും.

സ്വകാര്യ മേഖലയിൽ നേതൃപരമായ സ്ഥാനമാണ് ഇപ്പോൾ യൂണിയൻകോപിനുള്ളത്. പ്രവാസി തൊഴിലാളികളെ മാറ്റിനിർത്തിയാൽ സ്വദേശിവത്കരണം ബാധകമാക്കാവുന്ന തൊഴിലുകൾ 37 ശതമാനമാണ്. കാഷ്യർ, ട്രഷറർ, കസ്റ്റമർ സർവീസ് കോ-ഓർഡിനേറ്റർ, കൺസ്യൂമർ ഹാപ്പിനസ് സർവീസ് എന്നിങ്ങനെയുള്ള മേഖലകളിലും സ്വദേശികൾക്ക് അവസരമൊരുക്കുകയാണ്.

സ്വദേശികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഓപ്പൺ ഡേ റിക്രൂട്ട്‌മെന്റ്, ഹൈസ്കൂൾ ഡിപ്ലോമയും ബിരുദവുമുള്ള സ്വദേശികളുടെ എണ്ണം വർധിപ്പിക്കുകവഴി സ്വദേശിവത്കരണ തോത് കൂട്ടുക എന്നിവ അതിനായി നടപ്പാക്കി. സ്വകാര്യ മേഖലയിൽ പ്രവേശിക്കാനുള്ള പ്രോത്സാഹനമായി സ്വദേശികൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രംഗങ്ങളിലും സ്വദേശികൾക്ക് ജോലി ലഭ്യമാക്കുന്നതിനാണ് ഏറ്റവുംവലിയ മുൻഗണനയെന്ന്‌ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശം ഫലപ്രാപ്തിയിലെത്തിക്കാനായി സ്വദേശികളായ ഏറ്റവുംമികച്ച ജീവനക്കാരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുകയാണ് യൂണിയൻകോപിന്റെ ലക്ഷ്യം.