ദുബായ് : സാമ്പത്തികവകുപ്പിന്റെ പുതിയ സേവനകേന്ദ്രം ദുബായ് ഖിസൈസിൽ അൽമുല്ല പ്ലാസയ്ക്കുസമീപം പ്രവർത്തനം തുടങ്ങി. നജിം അൽ ഹയാത്ത് ഗവൺമെന്റ് ട്രാൻസാക്‌ഷൻ സെന്റർ കെട്ടിടത്തിലാണ് സേവനകേന്ദ്രം. ആമർ, ദുബായ് ഹെൽത്ത് അതോറിറ്റി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്‌ തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സേവനവും ഇവിടെ ലഭ്യമാണ്. ദുബായ് ഭരണകൂടത്തിലെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനകേന്ദ്രം തുറന്നിട്ടുള്ളത്. സെപ്റ്റംബർ 15 മുതൽ പൊതു ജനങ്ങൾക്ക് നജിം അൽ ഹയാത്ത് ഗവൺമെന്റ് ട്രാൻസാക്‌ഷൻ സെന്റർ വഴി സേവനം ലഭിക്കും.

സമയനഷ്ടം ഇല്ലാതെ മികച്ച സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയാണ് പ്രധാന ലക്ഷ്യമെന്ന് നജിം അൽ ഹയാത്ത് മേധാവി മുഹമ്മദ് ഉബൈദ് പറഞ്ഞു. കമ്പനിയുടെ പേര് രജിസ്റ്റർ ചെയ്യൽ, പേര് മാറ്റൽ, പലവിധ സേവനങ്ങൾക്കുള്ള അനുമതി നേടൽ ഉൾപ്പെടെ എല്ലാം നിക്ഷേപകർക്ക് കുറഞ്ഞസമയത്ത് എത്തിക്കാൻ സാധിക്കുംവിധമാണ് ഇവിടെ സജ്ജീകരണങ്ങൾ. ജുമാ അൽ മെഹ്‌രി ഗ്രൂപ്പിനുകീഴിലാണ് നജിം അൽ ഹയാത്ത് ഗവൺമെന്റ് ട്രാൻസാക്‌ഷൻ സെന്റർ പ്രവർത്തിക്കുന്നത്.