ഷാർജ : യുവകലാസാഹിതി യു.എ.ഇ. വെർച്വൽ കലോത്സവം സമാപിച്ചു. വിവിധ എമിറേറ്റുകളെ അഞ്ച് മേഖലകളായി തിരിച്ചുകൊണ്ട് മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. 2000-ത്തോളം കുട്ടികൾ പങ്കെടുത്തു. മേഖലാ മത്സരങ്ങളിൽനിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരെ പങ്കെടുപ്പിച്ചുകൊണ്ട് യു.എ.ഇ.തല മത്സരങ്ങൾ സംഘടിപ്പിക്കുകയിരുന്നു.

കേരളത്തിലെയും യു.എ.ഇ. യിലെയും പ്രമുഖർ മത്സരങ്ങളുടെ വിധികർത്താക്കളായി. കൂടുതൽ പോയന്റ് നേടി വയലാർ രാമവർമ എവറോളിങ് ട്രോഫി അബുദാബി - അൽഐൻ മേഖല കരസ്ഥമാക്കി. രണ്ടാം മൂന്നും സ്ഥാനങ്ങൾ ദുബായ്, ഷാർജ മേഖലകൾക്കാണ് കിട്ടിയത്. മൃണാളിനി സാരാഭായ് കലാപ്രതിഭപട്ടം ദുബായ് മേഖലയിൽ നിന്നുള്ള ഭദ്രനന്ദയും കാറ്റഗറി ഒന്നിൽ നിന്നുള്ള ഫാത്തിമ സൈഫ് കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരവും നേടി. കാറ്റഗറി രണ്ടിൽ ഐശ്വര്യ ഷൈൻജിത് സുഗതകുമാരി പുരസ്‌കാരത്തിനും അർഹയായി. സമ്മാനദാന ചടങ്ങിൽ യുവകലാസാഹിതി യു.എ.ഇ. ഭാരവാഹികളായ ആർ.ശങ്കർ, ബിജു ശങ്കർ, വിനോദൻ പയ്യന്നൂർ, പ്രശാന്ത് ആലപ്പുഴ എന്നിവരും പങ്കെടുത്തു. മറ്റു വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ പിന്നീട് സമ്മാനിക്കും.