കൊച്ചി : യു.എ.ഇ.യിലെ യുവ മലയാളി വ്യവസായ സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ ‘റെസ്‌പോൺസ് പ്ലസ് മെഡിക്കലി’ (ആർ.പി.എം.) ന്റെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എ.ഡി.എക്സ്.) ലിസ്റ്റ് ചെയ്തു. എക്സ്ചേഞ്ചിന്റെ സെക്കൻഡ് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വില ആദ്യ ദിനത്തിൽ ഒരവസരത്തിൽ 20 ദിർഹം വരെ ഉയർന്നു. ഇതോടെ, വിപണിമൂല്യം 400 കോടി ദിർഹമായി ഉയർന്നു. അതായത്, ഏതാണ്ട് 8,000 കോടി രൂപയിലേറെ.

യു.എ.ഇ.യിലെ ഏറ്റവും വലിയ ഓൺസൈറ്റ് മെഡിക്കൽ സേവനദാതാക്കളിലൊന്നാണ് 1,600 ജീവനക്കാരുള്ള ആർ.പി.എം. 2010-ൽ സ്ഥാപിതമായ ഈ കമ്പനി യു.എ.ഇ.യിലും സൗദി അറേബ്യയിലും ഒമാനിലുമായി നിലവിൽ 260-ഓളം മെഡിക്കൽ ക്ലിനിക്കുകൾക്കാണ് നേതൃത്വം നൽകുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, തുറമുഖം, വിമാനത്താവളങ്ങൾ, വ്യവസായ-നിർമാണ ശാലകൾ എന്നീ മേഖലകളിലാണ് ഇത്.

160 ആംബുലൻസുകൾ സ്വന്തമായുള്ള കമ്പനി, യു.എ.ഇ.യിൽ സ്വകാര്യ ആംബുലൻസ് ഫ്ളീറ്റുള്ള ഏക കമ്പനി കൂടിയാണ്.

‘ആൽഫദാബി’ കമ്പനിക്കു കീഴിലായി ‘റെസ്‌പോൺസ് പ്ലസ് ഹോൾഡിങ് പി.ജെ.എസ്‌.സി.’ എന്ന പേരിലാണ് അബുദാബി സ്റ്റോക്ക് മാർക്കറ്റിൽ കമ്പനി ലിസ്റ്റ് ചെയ്തത്.

‘ആർ.പി.എം.’ എന്ന ടിക്കറിലാവും വ്യാപാരം. ‘വി.പി.എസ്. ഹെൽത്ത്കെയറി’ന്റെ സാരഥിയായ ഡോ. ഷംഷീറിന് ആർ.പി.എമ്മിൽ 49 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്.