അബുദാബി : ബറാഖ ആണവനിലയത്തിലെ രണ്ടാം യൂണിറ്റിൽനിന്ന് ആണവോർജം വൈദ്യുതിയാക്കുന്ന പ്രക്രിയയ്ക്ക് തുടക്കമായി. യൂണിറ്റ് രണ്ടിനെ ഇലക്‌ട്രിക്കൽ ട്രാൻസ്മിഷൻ ഗ്രിഡുമായി ബന്ധപ്പെടുത്തുന്ന പ്രവർത്തനമാണിത്. നിലവിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇലക്‌ട്രിക്കൽ ഗ്രിഡ് വഴിയാണ് വിതരണം ചെയ്യുക. ബിസിനസ്, സ്കൂളുകൾ, താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രഥമ മെഗാവാട്ട് കാർബൺ രഹിത വൈദ്യുതി ലഭ്യമാക്കിയതായി എമിറേറ്റ്‌സ് ആണവോർജ കോർപ്പറേഷൻ അറിയിച്ചു. യു.എ.ഇ.യുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയത്തിന്റെ ആദ്യരണ്ട് യൂണിറ്റുകളിൽനിന്ന്‌ കാർബൺരഹിത വൈദ്യുതിയുത്പാദനം ഇതോടെ വിജയകരമായി നടപ്പാക്കാനായി. 2020 ഓഗസ്റ്റിലാണ് ഒന്നാംയൂണിറ്റിൽ നിന്നുള്ള വൈദ്യുതിയുത്പാദനം ആരംഭിച്ചത്. അറബ് മേഖലയിലെതന്നെ പ്രഥമ ആണവനിലയമായ ബറാഖയുടെ പ്രവർത്തനവിജയം ഏറെ പ്രതീക്ഷയോടെയാണ് മേഖല നോക്കിക്കാണുന്നത്.

ഗ്രിഡുമായി ബന്ധപ്പെടുത്തിയശേഷം വൈദ്യുതിയുത്പാദനത്തിന്റെ ശേഷി ഘട്ടംഘട്ടമായി ഉയർത്തുകയാണ് അടുത്തലക്ഷ്യം. ഇത് പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് മെഗാവാട്ട് വൈദ്യുതി വിവിധ ആവശ്യങ്ങൾക്കായി ഇവിടെനിന്ന്‌ ഉത്പാദിപ്പിക്കാനാവും. അന്താരാഷ്ട്ര ആണവോർജ ഏജൻസി, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂക്ലിയർ ഓപ്പറേഷൻസ് എന്നിവയുടെ നേതൃത്വത്തിൽ 42 പരിശോധനകളും യു.എ.ഇ. ആണവോർജ റെഗുലേറ്ററിനുകീഴിൽ 335 പരിശോധനകളും ബറാഖയിൽ നടന്നു. യൂണിറ്റ് ഗ്രിഡുമായി ബന്ധപ്പെടുത്തുന്ന പ്രക്രിയ ആദ്യഘട്ടത്തെക്കാൾ 20 ശതമാനം എളുപ്പത്തിൽ രണ്ടാംഘട്ടത്തിൽ നടപ്പാക്കാനായി. ഇതിനായെടുത്ത സമയത്തിലും 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

നിലയത്തിലെ മൂന്നുംനാലും യൂണിറ്റുകൾ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. യഥാക്രമം 95, 91 ശതമാനം നിർമാണവും പൂർത്തിയായി. നിലയത്തിന്റെ മൊത്തം നിർമാണം 96 ശതമാനം പൂർത്തിയായതായി മാനേജ്‌മെന്റ് വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും ഗുണനിലവാരവും ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി പ്രവർത്തനം. നാല് റിയാക്ടർ യൂണിറ്റുകളും പ്രവർത്തനമാരംഭിക്കുന്നതോടെ യു.എ.ഇ.യുടെ അടുത്ത അറുപതുവർഷത്തെ വൈദ്യുത ഉപഭോഗത്തിന്റെ 25 ശതമാനവും ബറാഖയിൽ നിന്നും ലഭ്യമാക്കാൻ കഴിയും. ലോകത്താകമാനം ഏറ്റവുമധികം ഉപയോഗിച്ചുവരുന്ന ഊർജമെന്ന നിലയ്ക്ക് മനുഷ്യജീവിതത്തിന്റെ പല മേഖലകളിലും ദേശീയ സമ്പദ്‌വ്യവസ്ഥയിലും വൈദ്യുതിയുണ്ടാക്കുന്ന വിപ്ലവം ചെറുതല്ല. കാർബൺ മാലിന്യമില്ലാത്ത ഊർജ ഉത്പാദനമെന്നത് സുസ്ഥിരതയിലും സാങ്കേതികതയിലുമൂന്നിയ യു.എ.ഇ.യുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതാണ്.