കൊച്ചി : കേരളത്തിലെ ചെറുകിട മില്ലുടമകളെ പ്രതിസന്ധിയിലാക്കുന്ന നടപടികളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പോകുന്നതായി സംസ്ഥാന അരി - എണ്ണ മില്ലേഴ്‌സ് അസോസിയേഷൻ (കെ.ഇ.എസ്.എഫ്.ഒ.എം.എ.). നാളിതുവരെ എഫ്.എസ്.എസ്.എ.ഐ.യിൽ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) രജിസ്‌ട്രേഷൻ ചെയ്ത് പ്രവർത്തിക്കുന്ന അരി - എണ്ണ മില്ലുകൾ എഫ്.എസ്.എസ്.എ.ഐ. ലൈസൻസ് എടുക്കണമെന്നാണ് പുതിയ നിർദേശം.

കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ചെറുകിട മില്ലുകൾ നാമമാത്ര കേര കർഷകരുടെ കൊപ്ര കൂലിക്ക് ആട്ടി കൊടുക്കുന്നവയാണ്. എഫ്.എസ്.എസ്.എ.ഐ. ലൈസൻസ് എടുക്കുന്നതിന് വൻ തുക വർഷം തോറും അടയ്ക്കേണ്ടി വരും. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരിച്ച ലൈസൻസ് ഫീസും തൊഴിൽ കരവും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഫീസും മില്ലുടമകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതുകൊണ്ട് മില്ലുകളെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന ലൈസൻസ് നടപടി പിൻവലിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലാൽ മുതുവിള കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ഫുഡ് ആൻഡ് സേഫ്റ്റി കമ്മിഷണറോടും ആവശ്യപ്പെട്ടു.

കോവിഡ് പ്രതിസന്ധി ഒഴിയുംവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിട നികുതി പൂർണമായും ഒഴിവാക്കുകയും ലൈസൻസ് ഫീസ്, തൊഴിൽ കരം എന്നിവയ്ക്ക് 50 ശതമാനം ഇളവ് അനുവദിക്കുകയും വേണമെന്നും അസോസിയേഷൻ പറയുന്നു.