ദുബായ് : ആഗോള വ്യോമഗതാഗതമേഖലയിൽ കാര്യമായ തിരിച്ചുവരവ് ഈവർഷവും ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. കോവിഡ് സാഹചര്യങ്ങൾ സൃഷ്ടിച്ച യാത്രാനിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 15 ശതമാനത്തിൽ താഴെയുള്ള വളർച്ച മാത്രമാകും വിമാനക്കമ്പനികൾക്ക് ലഭിക്കുക എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2023-ന് മുൻപ് വിമാനക്കമ്പനികൾ കോവിഡ് പൂർവസ്ഥിതിയിലേക്ക് എത്തുന്നതിന് സാധ്യതയില്ലെന്ന് ആഗോള ട്രാവൽ ഡേറ്റ പ്രൊവൈഡറായ ഒ.എ.ജി. പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

2020-ൽ 320 കോടി യാത്രക്കാരുണ്ടായിരുന്നത് 2021-ൽ 370 കോടി മാത്രമായാണ് ഉയർന്നിരിക്കുന്നത്. 2019-ലെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ 36 ശതമാനം യാത്രക്കാരുടെ കുറവാണ് ഇപ്പോഴും ഉള്ളത്. ഈവർഷം അവസാനം വരെയുള്ള ഷെഡ്യൂളുകളിൽനിന്ന്‌ 1.7 കോടി സീറ്റുകളാണ് വിമാനക്കമ്പനികൾ വെട്ടിക്കുറച്ചിരിക്കുന്നത്. കോവിഡ് കാലയളവിനുമുൻപ് 715 ഷെഡ്യൂൾഡ് വിമാനക്കമ്പനികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 699 വിമാനക്കമ്പനികൾ പ്രവർത്തിക്കുന്നു എന്നത് കോവിഡുകാലത്തെ നേരിടുന്നതിൽ വിമാനക്കമ്പനികൾ വിജയിച്ചു എന്നാണ് തെളിയിക്കുന്നത്. എന്നാൽ പൂർവ സ്ഥിതിയിലേക്ക് വരുന്നതിന് 2024 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. കോവിഡ് വാക്സിനേഷൻ നൽകുന്നതിന്റെ വേഗത വ്യോമഗതാഗത മേഖലയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.