കൊച്ചി: പെട്രോളും ഡീസലും ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയിൽ വന്നാൽ, ഏത് നികുതി സ്ലാബിൽ ഉൾപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഉപഭോക്താവിന്റെ നേട്ടം. നിലവിൽ ജി.എസ്.ടി. നിയമത്തിനു കീഴിലുള്ള ഏറ്റവും ഉയർന്ന നികുതി സ്ലാബായ 28 ശതമാനത്തിലാണ് പെട്രോളും ഡീസലും ഉൾപ്പെടുത്തുന്നതെങ്കിൽ ഇപ്പോഴത്തെ വിലയനുസരിച്ച് ഉപഭോക്താക്കൾക്ക് വലിയ നേട്ടമുണ്ടാകും.

എന്നാൽ, ജി.എസ്.ടി. നിരക്ക്‌ 50 ശതമാനത്തിലേക്ക്‌ ഉയർത്തിയാൽ പോലും നിലവിലെ വിലയിലേക്ക്‌ എത്തില്ല.

പെട്രോളും ഡീസലും ജി.എസ്.ടി.യിൽ വരുന്നതോടെ സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടമുണ്ടാകും. അതുകൊണ്ടാണ് കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും ഈ നീക്കത്തെ എതിർക്കുന്നത്. എന്നാൽ, ജി.എസ്.ടി. നടപ്പാക്കുകയും വില കുറയുകയും ചെയ്യുന്നതോടെ ഇന്ധന ഉപയോഗം കൂടുമെന്നും ഇത് ദീർഘകാലാടിസ്ഥാനത്തിൽ നേട്ടമാകുമെന്നും വിലയിരുത്തലുണ്ട്.