ഷാർജ : സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പണംതട്ടുന്ന സംഘത്തിന്റെ വലയിൽപെടുന്നവരുടെ എണ്ണം കൂടുന്നു. ആഹാരസാധനങ്ങൾക്ക് പകുതിയിലേറെ വിലക്കുറവുണ്ടെന്ന പരസ്യംനൽകി തട്ടിപ്പു നടത്തുന്ന സംഘവും സജീവമാണ്.

അടുത്തിടെ തട്ടിപ്പിനിരയായ ഷാർജയിലുള്ള കണ്ണൂർ ഇരിട്ടി സ്വദേശിക്ക് ഇപ്രകാരം നഷ്ടമായത് 1576 ദിർഹം. ഫെയ്‌സ്ബുക്കിലൂടെ വ്യാജപരസ്യംകണ്ട് ചിക്കൻ ഓർഡർചെയ്ത കണ്ണൂർ സ്വദേശിയുടെ ക്രഡിറ്റ് കാർഡ് വഴിയാണ് ഇത്രയും പണം നഷ്ടമായത്. ഒറ്റനോട്ടത്തിൽ കെ.എഫ്.സി. ചിക്കൻ എന്നുതോന്നിപ്പിക്കുംവിധത്തിൽ ഫെയ്‌സ്ബുക്കിൽ പരസ്യംകണ്ടാണ് ഇയാൾ ഓൺലൈനിലൂടെ ഓർഡർ ചെയ്തത്.

69 ദിർഹത്തിന്റെ കെ.എഫ്.സി. പകുതിവിലയ്ക്ക് നൽകുന്നുവെന്നായിരുന്നു വ്യാജപരസ്യം. കെ.എഫ്.സി.യുടെ സമാനമാതൃകയിലാണ് പരസ്യം തയ്യാറാക്കിയിരുന്നത്.

ക്രഡിറ്റ് കാർഡുവഴി ഓർഡർ നൽകിയപ്പോൾ ഒറ്റയടിക്ക് 1576 ദിർഹത്തിന്റെ ഓർഡർ സ്വീകരിച്ചതായി മൊബൈലിൽ സന്ദേശമെത്തി.

പിന്നീടാണ് ഓൺലൈൻ സാമ്പത്തികതട്ടിപ്പ് മനസ്സിലായത്. ബാങ്കിൽവിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തെങ്കിലും നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ വഴിയില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

ദുബായ് പോലീസിന്റെ കീഴിലുള്ള സ്മാർട്ട് പോലീസ് സ്റ്റേഷനിലും പണം നഷ്ടപ്പെട്ട കണ്ണൂർ സ്വദേശി പരാതി നൽകിയിട്ടുണ്ട്. ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർചെയ്യുമ്പോൾ സൈബർ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഭക്ഷ്യ ഉത്പന്നങ്ങൾക്കാണ് പാതിവില പ്രഖ്യാപിച്ച് തട്ടിപ്പുസംഘം ചതിക്കുഴി ഒരുക്കുന്നത്.