മുംബൈ : പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യിലെ ലാഭവിതരണം ഐ.പി.ഒ.യ്ക്കു മുമ്പായി സ്വകാര്യ കമ്പനികളുടേതിന് സമാനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. എൽ.ഐ.സി. നിയമപ്രകാരം ലാഭത്തിൽ 95 ശതമാനവും പോളിസികളുടെ ബോണസ് നൽകാനുള്ള ഫണ്ടിലേക്കാണ് ഇതുവരെ നൽകിയിരുന്നത്. ബാക്കി അഞ്ചു ശതമാനം ഓഹരിയുടമകൾക്കും. ഇൻഷുറൻസ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ ഇത് 90:10 എന്ന അനുപാതത്തിലാണ് നൽകുന്നത്.

ഐ.പി.ഒ.യിൽ നിക്ഷേപകരെ കൂടുതൽ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ലാഭവിതരണ രീതി നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് വിവരം. ടേം ഇൻഷുറൻസ്, യൂണിറ്റ് ലിങ്ക്ഡ് പ്ലാൻ, ഗ്യാരന്റീഡ് റിട്ടേൺ പോളിസികൾ തുടങ്ങിയവയ്ക്ക് കരാർ പ്രകാരമുള്ള തുക കണക്കാക്കിയാണ് എൽ.ഐ.സി.യിൽ ലാഭം കണക്കാക്കാറുള്ളത്. അതുകൊണ്ടുതന്നെ തീരുമാനം പോളിസിയുടമകളുടെ വരുമാനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.