അജ്മാൻ : അധികാരത്തിലേറി 40 വർഷം തികയുന്ന അവസരത്തിൽ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയോടുള്ള ആദരസൂചകമായി ഹാബിറ്റാറ്റ് സ്കൂൾ ഗ്രൂപ്പിന്റെ പ്രത്യേക പരിപാടി. മൂന്ന് സ്കൂളുകളിൽ നിന്നായി 40 കുട്ടികൾ അജ്മാൻ അൽ ഹെലിയോ പാർക്കിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. അജ്മാൻ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെയായിരുന്നു തൈകൾ നട്ടത്. പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്ന ഒരു വിദ്യാഭ്യാസസംവിധാനം കുട്ടികൾക്ക് നൽകുന്ന ഹാബിറ്റാറ്റ് സ്കൂളിന് സന്തോഷ അവസരങ്ങൾ ആഘോഷിക്കുവാൻ ഇതിലും ഉചിതമായ ഒരവസരമില്ലെന്ന് ഹാബിറ്റാറ്റ് സ്കൂൾസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി അഭിപ്രായപ്പെട്ടു. പ്രകൃതിയെയും, മണ്ണിനെയും സംരക്ഷിച്ചുകൊള്ളാമെന്നുള്ള വാഗ്‌ദാനമാണ് ഓരോ മരങ്ങൾ നടുമ്പോഴും നിറവേറ്റപ്പെടുന്നതെന്ന് ഹാബിറ്റാറ്റ് സ്കൂൾ മാനേജിങ് ഡയറക്ടർ ഷംസു സമാൻ പറഞ്ഞു.

ഹാബിറ്റാറ്റ് സ്കൂൾ അക്കാദമിക്‌സ് ആൻഡ് ഇന്നൊവേഷൻ ഡീൻ വസീം യൂസഫ് ഭട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അൽ ഹെലിക്കോ പാർക്ക് ഗാർഡൻ സൂപ്പർവൈസർ ബദ്രിയ അലി അൽ ഷെഹ്ഹി, സ്കൂൾ ചീഫ് അഡ്മിനിട്രേറ്റിവ് ഓഫീസർ സുനിത ചിബ്ബർ, മീഡിയ കോ-ഓർഡിനേറ്റർ റൊസിൻ കെ. ജോൺ എന്നിവർ പങ്കെടുത്തു. പ്രകൃതിയോട് ഇണങ്ങിയ സ്കൂൾ കാമ്പസും, കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർഷികപഠനവും ഹാബിറ്റാറ്റ് സ്കൂളിന്റെ പ്രത്യേകതകളിൽ ഒന്നാണ്. വിവിധ കാർഷികപ്രവർത്തനങ്ങളും പഠനത്തിന്റെ ഭാഗമായും ഹാബിറ്റാറ്റ് സ്കൂൾ സി.എസ്.ആർ. ഭാഗമായും എല്ലാ വർഷങ്ങളിലും നടന്നുവരുന്നു. 2019-ൽ ഒരു സ്ഥലത്തുവെച്ചുതന്നെ ഏറ്റവുംകൂടുതൽ (9317) തൈകൾ വിതരണം ചെയ്യപ്പെടുക എന്ന ഗിന്നസ് റെക്കോഡ് ഹാബിറ്റാറ്റ് സ്കൂളിനായിരുന്നു. വിതരണം ചെയ്യപ്പെട്ടതിൽ 6000 തൈകൾ അജ്മാൻ മുനിസിപ്പാലിറ്റിക്കുതന്നെ കൈമാറുകയുണ്ടായി.